'മരിച്ചവരുടെ പോക്കറ്റടിച്ചവര്‍'; പ്രതിപക്ഷത്തിന് വിളിപ്പേര് വീഴരുതെന്ന് ആഗ്രഹമുണ്ട്; സംവാദത്തിന് ഫെയ്സ്ബുക്ക് മതിയെന്ന് മുഖ്യമന്ത്രി; യു.ഡി.എഫിനെതിരെ ആഞ്ഞടിച്ച് പിണറായി; ശബരിമലയില്‍ പോറ്റിയെ കയറ്റിയത് കോണ്‍ഗ്രസ് ഭരണകാലത്ത്; സംവാദത്തിന് സ്ഥലവും സമയവും ഇല്ല; പിണറായി ലേഖനത്തിലൂടെ സംവിദിക്കുമ്പോള്‍
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ സഹായിക്കാന്‍ പിരിച്ച പണം എവിടെയെന്ന ചോദ്യമുയര്‍ത്തി യു.ഡി.എഫിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി കടന്നാക്രമിച്ചത്. മരിച്ചവരുടെ പോക്കറ്റില്‍ നിന്ന് പണം തട്ടുന്നവര്‍ എന്ന വിളിപ്പേര് കോണ്‍ഗ്രസുകാര്‍ക്ക് വീഴരുതെന്നാണ് തന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. വികസന കാര്യത്തില്‍ നേര്‍ക്കുനേര്‍ സംവാദത്തിന് തയ്യാറാകാതെ ഫെയ്സ്ബുക്കിലൂടെ ഏകപക്ഷീയമായി മറുപടി നല്‍കുന്ന മുഖ്യമന്ത്രിയുടെ ശൈലിയും ലേഖനത്തില്‍ വ്യക്തമാണ്.
വികസനകാര്യത്തില്‍ സംവാദം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്വാഗതം ചെയ്ത മുഖ്യമന്ത്രി, പക്ഷേ അതിനായി സ്ഥലമോ സമയമോ നിശ്ചയിക്കാന്‍ തയ്യാറായില്ല. 'ഇന്നലെ രാവിലെ ഒന്‍പത് മണി മുതല്‍ ആ സംവാദം ഫെയ്സ്ബുക്കില്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ ഞാന്‍ കുറിച്ചിട്ടുണ്ട്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ അവിടെ പറയണം. സംവാദം നമുക്ക് തുടരാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിയമസഭയില്‍ ലഭിച്ച അവസരങ്ങള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം ഇപ്പോള്‍ സംവാദത്തിന് മുറവിളി കൂട്ടുന്നത് നുണകള്‍ പ്രചരിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി വീട് പണി തുടങ്ങിയെന്ന പ്രതിപക്ഷ നേതാവിന്റെ അവകാശവാദം 'പച്ചക്കള്ള'മാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി പഞ്ചായത്തില്‍ വീട് നിര്‍മ്മാണത്തിനായി ഒരു അപേക്ഷ പോലും നല്‍കിയിട്ടില്ല. നോവലുകളിലെ സാങ്കല്‍പ്പിക സ്ഥലങ്ങളെപ്പോലെയാണ് പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളെന്നും അദ്ദേഹം പരിഹസിച്ചു. മൃതദേഹങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് കോണ്‍ഗ്രസുകാരെ വിളിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും എന്നാല്‍ മറുപടി പറയാതിരിക്കുന്നതിലൂടെ ആ വിളിപ്പേരിലേക്ക് അവര്‍ നടന്നുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യു.ഡി.എഫ്. നേതാക്കളെ മുഖ്യമന്ത്രി നേരിട്ട് ലക്ഷ്യം വെച്ചു. 'പോറ്റിയെ ശബരിമലയില്‍ കേറ്റിയത് നിങ്ങളുടെ ഭരണകാലത്താണ്. സോണിയാ ഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കാന്‍ അവസരമൊരുക്കിയത് യു.ഡി.എഫ്. കണ്‍വീനറാണ്. എസ്.പി.ജി. സുരക്ഷയുള്ള സോണിയയുടെ വസതിയില്‍ സ്വര്‍ണ്ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും യു.ഡി.എഫ്. കണ്‍വീനറും പത്തനംതിട്ട എം.പി.യും ഒത്തുകൂടിയത് എന്തിനാണ്?' - മുഖ്യമന്ത്രി ചോദിച്ചു.
രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തിയും യു.ഡി.എഫിനെ മുഖ്യമന്ത്രി പരിഹസിച്ചു. സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്കും അറിയാമെന്നും, അതുകൊണ്ടാണ് പത്തനംതിട്ടയില്‍ വെച്ച് യു.ഡി.എഫ്. നേതാക്കളെ നോക്കി രാഹുല്‍ ആ 'പാട്ട്' പാടിയതെന്നും പിണറായി പരിഹസിച്ചു. ആ സമയത്ത് പ്രതിപക്ഷ നേതാവിന്റെയും മുന്നണി കണ്‍വീനറുടെയും ഹൃദയം നന്നായി മിടിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടില്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണതുടര്‍ച്ചയുടെ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനോ ബജറ്റിനോ മേല്‍ ചര്‍ച്ച നടത്താതെ സഭ ബഹിഷ്‌കരിച്ചവര്‍ ഇപ്പോള്‍ തെരുവില്‍ സംവാദത്തിന് വരുന്നത് വിരോധാഭാസമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വികസന നേട്ടങ്ങള്‍ തന്നെയാകും തങ്ങളുടെ പ്രധാന ആയുധമെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ ലേഖനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം ചുവടെ
'മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങള്‍,കോണ്‍ഗ്രസുകാര്‍ക്ക് ആ വിളിപ്പേര് വീഴരുതെന്നാണ് എന്റെ ആഗ്രഹം'
പിണറായി വിജയന്‍
പ്രതിപക്ഷ നേതാവേ, അങ്ങയോട് ഞാന്‍ അഞ്ചുദിവസംമുന്‍പ് ഒരു ചോദ്യം ചോദിച്ചിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ച പണം എത്ര? ഏത് ബാങ്കിലാണ് ആ പണം ഉള്ളത്? മറുപടി പറയാതിരിക്കുന്നതിലൂടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോക്കറ്റ് തപ്പി അതില്‍നിന്ന് പണം തട്ടിയവരായി നിങ്ങള്‍ മാറുകയാണ്. മൃതദേഹത്തില്‍നിന്ന് പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് ആരെയും വിളിക്കരുതെന്ന് എനിക്കുണ്ട്. കോണ്‍ഗ്രസുകാര്‍ക്ക് ആ വിളിപ്പേര് വീഴരുത് എന്ന് എനിക്കുമാത്രം ആഗ്രഹമുണ്ടായിട്ട് കാര്യമുണ്ടോ?
വീടുപണി തുടങ്ങിയെന്നും മേപ്പാടിയില്‍ പോയി പരിശോധിച്ചാല്‍ മാധ്യമങ്ങള്‍ക്കത് മനസ്സിലാകുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടു. നെടുംപറമ്പ് എന്നൊക്കെ ചില നോവലുകളില്‍ പറയുന്നപോലുള്ള സ്ഥലമാണത്. മേപ്പാടി പഞ്ചായത്ത് ഇപ്പോള്‍ ഭരിക്കുന്നത് യു.ഡി.എഫാണ്. പക്ഷേ, ഇവിടെ വീടുകള്‍ വെക്കുന്നതിന് കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് പ്രകാരം അനുമതിപത്രം ലഭിക്കുന്നതിന് അപേക്ഷപോലും നല്‍കിയിട്ടില്ല. വീടോ, കെട്ടിടമോ നിര്‍മിക്കുന്നതിനുള്ള മുന്നുപാധി ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍നിന്ന് അനുമതിപത്രം ലഭ്യമാക്കുക എന്നതാണെന്ന് അറിയാത്തവണ്ണം അജ്ഞനാണോ നമ്മുടെ പ്രതിപക്ഷ നേതാവ്? നിന്നനില്‍പ്പില്‍ കള്ളംപറഞ്ഞ് തടിതപ്പാന്‍ നോക്കുന്നവരെ നുണയന്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?
വികസനകാര്യത്തിലുള്ള സംവാദം വേണമെന്ന് താങ്കള്‍ക്ക് തോന്നിയത് വളരെ നല്ലകാര്യമാണ്. ഇന്നലെ രാവിലെ ഒന്‍പത് മണിമുതല്‍ ആ സംവാദം തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ ഞാനെന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ പറയണം, വിമര്‍ശനമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. സംവാദം നമുക്ക് തുടരാം.
വൈകിയാണെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ. പക്ഷേ, ഇതിനേക്കാള്‍ നല്ല വേദി നിയമസഭയായിരുന്നു. കേരളത്തെ ലോകോത്തരനിലവാരത്തില്‍ എത്തിക്കാന്‍കഴിഞ്ഞ പത്തുവര്‍ഷങ്ങളെ മുഖാമുഖം വിശദീകരിക്കാനും അതിന്മേലുള്ള വിമര്‍ശങ്ങള്‍ കേള്‍ക്കാനും തെറ്റുകുറ്റങ്ങളെപ്പറ്റി ചര്‍ച്ചനടത്താനും കഴിയുമായിരുന്നു. പ്രതിപക്ഷം നഷ്ടപ്പെടുത്തിയത് ഈയവസരമാണ്. നേര്‍ക്കുനേര്‍ സംവാദം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ല. പ്രൊഫഷണല്‍ ഏജന്‍സികളെ ഉപയോഗിച്ച് നാട്ടില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണകള്‍ തത്സമയം പൊളിയുമല്ലോ.
നിയമസഭയില്‍ അവിശ്വാസം കൊണ്ടുവന്നില്ല, നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയിലും ബജറ്റ് ചര്‍ച്ചയിലും സഭ ബഹിഷ്‌കരിച്ചു. അഞ്ചുവര്‍ഷത്തില്‍ ഒരു മന്ത്രിക്കെതിരേപോലും അഴിമതിയാരോപണം ഉന്നയിച്ചില്ല. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസുകള്‍ ഉപയോഗപ്പെടുത്തി വിഷയാധിഷ്ഠിത ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ അതും യു.ഡി.എഫ്. നിര്‍ത്തിക്കളഞ്ഞു! അവസാനസമ്മേളനത്തില്‍ അടിയന്തരപ്രമേയത്തിനുള്ള ഒരു നോട്ടീസ് പോലും നല്‍കിയില്ല! ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് പറഞ്ഞത് നോട്ടീസ് നല്‍കി ചര്‍ച്ചചെയ്താല്‍ വിഷയം 'ഡൈല്യൂട്ട്' ആകും എന്നാണ്. കുറ്റം പറയാന്‍ പറ്റില്ല! ഉന്നയിക്കുന്ന വിഷയത്തില്‍ മന്ത്രിമാരുടെ മറുപടി ഉണ്ടാകും, വിഷയം നേര്‍ത്ത് ഇല്ലാതാകും എന്നത് പ്രതിപക്ഷത്തിന്റെ നേരനുഭവവുമാണ്. ,ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം. കുറ്റംചെയ്ത ഒരാള്‍പോലും രക്ഷപ്പെടില്ല. അക്കാര്യങ്ങള്‍ ഹൈക്കോടതി ഉറപ്പുവരുത്തുന്നുണ്ട്. യു.ഡി.എഫിന്റെ കാര്യം പക്ഷേ, അവിടെ തീരില്ല. എസ്.പി.ജി. സുരക്ഷയുള്ള സോണിയാഗാന്ധിയുടെ വസതിയില്‍ സ്വര്‍ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും യു.ഡി.എഫ്. കണ്‍വീനറും പത്തനംതിട്ട എം.പി.യും ഒത്തുകൂടിയത് എന്തിനാണ്? ഇവരെ ഒറ്റഫ്രെയിമില്‍ കണ്ടത് സോണിയാഗാന്ധിയുടെ വീട്ടില്‍മാത്രമാണ്.
പോറ്റിയെ ശബരിമലയില്‍ കേറ്റിയത് നിങ്ങളുടെ ഭരണകാലത്താണ്. സോണിയയുടെ കൈയില്‍ ചരട് കെട്ടിക്കൊടുക്കാനുള്ള അവസരം ഒരുക്കിയത് യു.ഡി.എഫ്. കണ്‍വീനറാണ്. അത് രാഹുല്‍ ഗാന്ധിക്കും അറിയാമല്ലോ. എല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നിങ്ങളെ നോക്കി ആ പാട്ട് പാടിയിട്ടുണ്ടാവുക. പ്രതിപക്ഷ നേതാവും മുന്നണി കണ്‍വീനറും ഉള്‍പ്പെടെയുള്ള യു.ഡി.എഫുകാരുടെ ഹൃദയം അപ്പോള്‍ നന്നായി മിടിച്ചുകാണും.
