സംയുക്ത സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ തീരുമാനത്തിന് പിന്നാലെ വ്യോമപാതയും അടച്ചു; ട്രംപിന് സ്‌പെയിനിന്റെ കനത്ത പ്രഹരം; അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത നിരോധനം; വാണിജ്യ ഉപരോധ ഭീഷണിയുമായി യുഎസ്; ഇറാനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ സ്‌പെയിന്‍; ട്രംപ് കട്ടക്കലിപ്പില്‍

Update: 2026-03-31 01:55 GMT

മാഡ്രിഡ്: ഇറാന്‍ യുദ്ധത്തില്‍ പങ്കാളികളാകുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാത നിരോധിച്ചുകൊണ്ട് സ്‌പെയിനിന്റെ നിര്‍ണ്ണായക നീക്കം. സംയുക്ത സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ തീരുമാനത്തിന് പിന്നാലെയാണ് വ്യോമപാതയും സ്‌പെയിന്‍ കൊട്ടിയടച്ചത്. ഇതോടെ പശ്ചിമേഷ്യയിലേക്കുള്ള യുഎസ് വിമാനങ്ങള്‍ സ്‌പെയിനിനെ ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ടി വരും.

സ്‌പെയിനിന്റെ നീക്കം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സ്‌പെയിനുമായുള്ള വ്യാപാര ബന്ധം വെട്ടിക്കുറയ്ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായി പ്രഖ്യാപിച്ച യുദ്ധത്തിന് ഒരു തരത്തിലുള്ള സഹായവും നല്‍കില്ലെന്ന് സ്‌പെയിന്‍ പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് വ്യക്തമാക്കി. 'സൈനിക താവളങ്ങള്‍ക്കോ വ്യോമപാതയ്‌ക്കോ അനുമതി നല്‍കില്ല. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഇതില്‍ ഇളവുണ്ടാകൂ' - അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ വിഷയത്തില്‍ ട്രംപിന്റെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവാണ് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.

ഇറാന്റെ എണ്ണ സമ്പത്ത് കൈക്കലാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് 'ഫിനാന്‍ഷ്യല്‍ ടൈംസിന്' നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. വെനിസ്വേലയിലെ എണ്ണ വ്യവസായം നിയന്ത്രിക്കുന്നതുപോലെ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനാണ് അമേരിക്കയുടെ പദ്ധതി. 'ഇറാന്റെ എണ്ണ കൈക്കലാക്കാനാണ് എനിക്ക് താല്പര്യം. എന്നാല്‍ അമേരിക്കയിലെ ചില വിഡ്ഢികള്‍ അത് എന്തിനാണെന്ന് ചോദിക്കുന്നു' - ട്രംപ് പരിഹസിച്ചു. സ്‌പെയിനിന്റെ ഉപരോധവും ട്രംപിനെ ചൊടിപ്പിക്കുന്നുണ്ട്. സ്‌പെയിനിനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കും.

അമേരിക്ക കരയുദ്ധത്തിന് മുതിര്‍ന്നാല്‍ സൈനികരെ ജീവനോടെ ചുട്ടെരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സൈന്യത്തിന്റെ വരവിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു. ഖാര്‍ഗ് ദ്വീപില്‍ അമേരിക്കന്‍ സൈന്യത്തെ നേരിടാന്‍ ഇറാന്‍ വന്‍ കെണികള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈനികരുടെ എണ്ണം 50,000 കടന്നു. യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില 50 ശതമാനത്തോളം വര്‍ദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 116 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്.

Tags:    

Similar News