ഇറാന്‍ യുദ്ധം നീണ്ടുനില്‍ക്കുന്നത് പുടിന് രണ്ട് രീതിയില്‍ ഗുണകരം; എണ്ണവില ഉയരുന്നത് റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകും; ഈ പണം ഉപയോഗിച്ച് യുക്രെയ്‌നിലെ സൈനിക നീക്കം ശക്തമാക്കാം; ട്രംപിന്റെ ഇറാന്‍ യുദ്ധം പുടിന് ലഭിച്ച സമ്മാനം; റഷ്യന്‍ ഡ്രോണ്‍ തന്ത്രങ്ങള്‍ ഇറാനിലേക്ക്, മുന്നറിയിപ്പുമായി സെലന്‍സ്‌കി

Update: 2026-03-31 01:18 GMT

കീവ്: ഇറാന്‍-അമേരിക്ക യുദ്ധം നീണ്ടുപോകുന്നത് റഷ്യയ്ക്ക് വന്‍ ലാഭമുണ്ടാക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. യുഎസ് ആസ്തികളെ ലക്ഷ്യമിടാന്‍ മാരകമായ 'മിനി ഡ്രോണുകള്‍' എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ റഷ്യന്‍ വിദഗ്ധര്‍ ഇറാന്‍ സൈന്യത്തിന് പരിശീലനം നല്‍കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യ നേടിയ യുദ്ധപരിചയമാണ് ഇപ്പോള്‍ ഇറാനുമായി പങ്കുവെക്കുന്നത്.

യുഎസ് വാര്‍ത്താ പോര്‍ട്ടലായ 'ആക്‌സിയോസിന്' നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കി നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. സെലന്‍സ്‌കി ഉയര്‍ത്തുന്ന പ്രധാന ആശങ്കകള്‍ ഇവയാണ്: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന എഫ്.പി.വി ഡ്രോണുകളുടെ സാങ്കേതികവിദ്യ ഇറാന്‍ സൈന്യത്തിന് കൈമാറിക്കഴിഞ്ഞു. 30 മൈല്‍ വരെ പരിധിയുള്ള പുതിയ 'കെ.വി.എസ്' ഡ്രോണുകള്‍ വികസിപ്പിക്കാന്‍ റഷ്യ ഇറാനെ സഹായിക്കുന്നുണ്ട്. കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്ന ഇത്തരം ഡ്രോണുകള്‍ ഉപയോഗിച്ച് യുഎസ് ടാങ്കുകളെയും സൈനികരെയും കൃത്യമായി ലക്ഷ്യം വെക്കാന്‍ സാധിക്കും.

യുക്രെയ്‌നില്‍ ചെയ്തതുപോലെ, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍-സഖ്യകക്ഷി സൈനിക താവളങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ റഷ്യ ഇറാനുമായി 100 ശതമാനവും പങ്കുവെക്കുന്നുണ്ടെന്ന് സെലന്‍സ്‌കി ഉറപ്പിച്ചു പറഞ്ഞു. അടുത്തിടെ നടന്ന പല ആക്രമണങ്ങളിലും ഇറാന് കൃത്യമായ ലക്ഷ്യസ്ഥാനങ്ങള്‍ ലഭിച്ചത് റഷ്യന്‍ സഹായം മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇറാന്‍ യുദ്ധം നീണ്ടുനില്‍ക്കുന്നത് പുടിന് രണ്ട് രീതിയില്‍ ഗുണകരമാണ്: യുദ്ധം മൂലം എണ്ണവില ഉയരുന്നത് റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകും. ഈ പണം ഉപയോഗിച്ച് യുക്രെയ്‌നിലെ സൈനിക നീക്കം ശക്തമാക്കാന്‍ റഷ്യയ്ക്ക് സാധിക്കും. അമേരിക്കയുടെ ശ്രദ്ധയും സൈനിക വിഭവങ്ങളും മിഡില്‍ ഈസ്റ്റിലേക്ക് മാറുന്നതോടെ യുക്രെയ്‌നിലേക്കുള്ള സഹായം കുറയുമെന്നും റഷ്യ കണക്കുകൂട്ടുന്നു.

അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായി സെലന്‍സ്‌കി ചര്‍ച്ച നടത്തിയിരുന്നു. ഇറാന്റെ ഷഹീദ് ഡ്രോണുകളെ എങ്ങനെ വെടിവെച്ചിടാം എന്ന കാര്യത്തില്‍ യുക്രെയ്ന്‍ സൈന്യം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉപദേശം നല്‍കുന്നുണ്ട്. യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Similar News