ഇന്ധനവില ബാരലിന് 120 ഡോളര്‍ കടന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദക്ഷിണ കൊറിയയില്‍ ആലോചന; ഹോര്‍മുസ് പ്രതിസന്ധി: ലോകം ഇന്ധനക്ഷാമത്തിലേക്ക്; ഓസ്ട്രേലിയയില്‍ നികുതി വെട്ടിക്കുറച്ചു; ഈജിപ്തില്‍ കടകള്‍ നേരത്തെ അടയ്ക്കും; ഏഷ്യന്‍ രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍; ആഗോള സാമ്പത്തിക മാന്ദ്യം തൊട്ടടുത്ത്
ലണ്ടന്‍: ഇറാന്‍-അമേരിക്ക യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുന്നു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. പല രാജ്യങ്ങളിലും ഇന്ധന റേഷനിംഗും യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈജിപ്തില്‍ ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കാന്‍ ഉത്തരവിട്ടു. യുദ്ധത്തിന് മുന്‍പ് പ്രതിമാസം 420 ദശലക്ഷം പൗണ്ടായിരുന്ന ഈജിപ്തിന്റെ ഊര്‍ജ്ജ ബില്ല് ഇപ്പോള്‍ 1.25 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നു. അതേസമയം, ജനങ്ങളുടെ ദുരിതം കുറയ്ക്കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ധന നികുതി പകുതിയായി കുറച്ചു. മൂന്ന് മാസത്തേക്കാണ് ഈ ഇളവ്. നഗരങ്ങളിലെ ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളില്‍ പൊതുഗതാഗതം സൗജന്യമാക്കി.
ഏഷ്യന്‍ രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ദക്ഷിണ കൊറിയയില്‍ ഇന്ധനവില ബാരലിന് 120 ഡോളര്‍ കടന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൊറിയന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം വാഹനങ്ങള്‍ നിരത്തിലിറക്കാത്ത രീതിയിലുള്ള നിയന്ത്രണമാകും വരിക. ശ്രീലങ്കയില്‍ ഇന്ധനം ലാഭിക്കാന്‍ ആഴ്ചയില്‍ നാല് പ്രവൃത്തിദിവസം മാത്രമാക്കി ചുരുക്കി. മ്യാന്‍മറില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ അനുമതിയുള്ളൂ. എസി ഉപയോഗം കുറയ്ക്കാന്‍ ഓഫീസുകളില്‍ കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ തായ്ലന്‍ഡ് നിര്‍ദ്ദേശം നല്‍കി.
ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ധനക്ഷാമം ഉണ്ടെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ സംസ്ഥാനത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ ഡീസല്‍ വില ലിറ്ററിന് 2 പൗണ്ടിലേക്ക് അടുക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങളും കുടിവെള്ള പ്ലാന്റുകളും തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. ട്രംപിന്റെ ഇത്തരം പ്രസ്താവനകള്‍ ഓഹരി വിപണിയെ സ്വാധീനിക്കാനുള്ള തന്ത്രമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പരിഹസിച്ചു.
വിപണി തുറക്കുന്നതിന് തൊട്ടുമുന്‍പുള്ള ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ട് ആരും വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ തടസ്സം നീങ്ങിയില്ലെങ്കില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കുമെന്ന് ജി7 രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
