ഇറാന്‍ അനുകൂല ഹിസ്ബുള്ള പോരാളികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആദ്യ പര്‍വ്വത ദൗത്യം; സിറിയന്‍ അതിര്‍ത്തിയില്‍ വെളുത്ത വസ്ത്രമണിഞ്ഞ 'ഹിമപ്പട'; ലബനന്‍ മലനിരകളില്‍ മിന്നല്‍ നീക്കവുമായി ഇസ്രായേല്‍ 'ആല്‍പിനിസ്റ്റ്' യൂണിറ്റ്
ടെല്‍ അവീവ്: മധ്യേഷ്യയിലെ കത്തുന്ന വെയിലിനിടയില്‍ മഞ്ഞുമലകള്‍ക്കിടയിലൂടെ സ്‌കീയിംഗ് നടത്തി നീങ്ങുന്ന ഒരു പറ്റം സൈനികര്‍. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ കാഴ്ച ഇസ്രായേല്‍ സൈന്യത്തിന്റെ ഏറ്റവും രഹസ്യ സ്വഭാവമുള്ള 'ആല്‍പിനിസ്റ്റ്' യൂണിറ്റിന്റേതാണ്. സിറിയ - ലബനന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ മൗണ്ട് ഹെര്‍മന്‍ മേഖലയില്‍ ഇറാന്‍ അനുകൂല ഹിസ്ബുള്ള പോരാളികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആദ്യ പര്‍വ്വത ദൗത്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അതീവ ദുഷ്‌കരമായ കാലാവസ്ഥയില്‍ യുദ്ധം ചെയ്യാന്‍ പരിശീലനം ലഭിച്ച ഇസ്രായേല്‍ പ്രതിരോധ സേനയിലെ (ഐ.ഡി.എഫ്) ഈ എലൈറ്റ് യൂണിറ്റ് ആദ്യമായാണ് ഇത്തരമൊരു ദൗത്യം പരസ്യപ്പെടുത്തുന്നത്. വെളുത്ത വസ്ത്രമണിഞ്ഞ് മഞ്ഞിനോട് ചേര്‍ന്നുനില്‍ക്കുന്ന സൈനികര്‍ അതിര്‍ത്തി കടന്ന് ലബനനിലെ മൗണ്ട് ഡോവ് മേഖലയിലാണ് പരിശോധന നടത്തിയത്. 9,000 അടിയിലധികം ഉയരമുള്ള മൗണ്ട് ഹെര്‍മന്‍ പര്‍വ്വതനിരകളില്‍ അതിശൈത്യത്തെയും കനത്ത മഞ്ഞുവീഴ്ചയെയും അതിജീവിച്ചായിരുന്നു നീക്കം. സ്‌നോ മൊബൈലുകളും അത്യാധുനിക സ്‌കീയിംഗ് ഉപകരണങ്ങളും ഉപയോഗിച്ചാണ് സൈന്യം മലനിരകള്‍ കീഴടക്കിയത്.
ഭീകരസംഘടനകള്‍ അതിര്‍ത്തി മേഖലയില്‍ താവളമുറപ്പിക്കുന്നത് തടയാനാണ് ഈ പ്രത്യേക നീക്കമെന്ന് ഐ.ഡി.എഫ് അറിയിച്ചു. സിറിയയിലെ ബഷാര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം 2024 ഡിസംബറിലാണ് മൗണ്ട് ഹെര്‍മന്‍ ഇസ്രായേല്‍ പിടിച്ചെടുത്തത്. ഈ മേഖലയിലെ കുന്നുകള്‍ ഇസ്രായേലിന്റെ 'കണ്ണുകള്‍' എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നിന്നുള്ള നിരീക്ഷണം ലബനനിലെയും സിറിയയിലെയും ഭീകരപ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഇസ്രായേലിനെ സഹായിക്കുന്നു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനും മറ്റ് സായുധ സംഘങ്ങള്‍ക്കും എതിരെ നടത്തുന്ന സൈനിക നീക്കം അഞ്ചാം വാരത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് തന്ത്രപ്രധാനമായ മലനിരകളില്‍ ഇസ്രായേല്‍ പിടിമുറുക്കുന്നത്. വരും ദിവസങ്ങളില്‍ യുഎസ് കരസേനയും നേരിട്ട് യുദ്ധക്കളത്തിലിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.