1973-ല്‍ ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് അറബ് എണ്ണ ഉല്‍പ്പാദകര്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നാം എണ്ണ പ്രതിസന്ധിയായി; അന്ന് വില നാലിരട്ടിയായി കൂടി; ആ സാഹചര്യത്തിന് അപ്പുറമുള്ള ഇന്ധന പ്രതിസന്ധിയിലേക്ക് ലോകം; ഇന്ന് 20 ശതമാനത്തോളം എണ്ണ വിതരണം തടസ്സത്തിലേക്ക്; ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക്; ട്രംപിസം പാളുമോ?
ലണ്ടന്‍: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍, ലോകം അഭിമുഖീകരിക്കുന്നത് 1970-കളിലെ എണ്ണ പ്രതിസന്ധിയേക്കാള്‍ വലിയ തകര്‍ച്ചയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള ഊര്‍ജ്ജ വിതരണ ശൃംഖല പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ സുരക്ഷാ ഭീഷണിയാണ് ഇതെന്നും, 1970-കളിലെ എണ്ണവില വര്‍ദ്ധനവിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് വരാനിരിക്കുന്നതെന്നും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി ഡയറക്ടര്‍ ഫാത്തി ബിറോള്‍ വ്യക്തമാക്കി.
1973-ല്‍ ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് അറബ് എണ്ണ ഉല്‍പ്പാദകര്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഒന്നാം എണ്ണ പ്രതിസന്ധിക്ക് കാരണമായത്. അന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എണ്ണവില നാലിരട്ടിയായി വര്‍ദ്ധിക്കുകയും ആഗോളതലത്തില്‍ കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ടാകുകയും ചെയ്തു. എന്നാല്‍ അന്ന് ആഗോള എണ്ണ വിതരണത്തിന്റെ 5 മുതല്‍ 7 ശതമാനം വരെ മാത്രമാണ് തടസ്സപ്പെട്ടതെങ്കില്‍, നിലവിലെ പ്രതിസന്ധി ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനത്തെയാണ് ബാധിച്ചിരിക്കുന്നത്. ഇത് 1970-കളിലെ ആഘാതത്തെക്കാള്‍ എത്രയോ മടങ്ങ് വലുതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹോര്‍മുസ് കടലിടുക്ക് വഴി വിതരണം ചെയ്യേണ്ടിയിരുന്ന ഇന്ധനം ഇപ്പോള്‍ ലോകമെമ്പാടുമുള്ള റിഫൈനറികളില്‍ എത്തുന്നില്ല. ഒരു മാസം മുന്‍പ് കടലിടുക്ക് വഴി പുറപ്പെട്ട എണ്ണക്കപ്പലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതോടെ അടുത്ത ആഴ്ചകളില്‍ ഇന്ധനക്ഷാമം അതിരൂക്ഷമാകും. കടലിടുക്ക് നാളെ തുറന്നാല്‍ പോലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും തുടരുമെന്ന് ഷിപ്പിംഗ് വിദഗ്ധനായ ലാര്‍സ് ജെന്‍സണ്‍ പറഞ്ഞു. എണ്ണയ്ക്കൊപ്പം പ്രകൃതിവാതകത്തിന്റെ (ഘചഏ) വിതരണവും തടസ്സപ്പെട്ടത് യൂറോപ്പിലെയും ഏഷ്യയിലെയും വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
നിലവിലെ യുദ്ധം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എണ്ണ നീക്കം പുനഃസ്ഥാപിക്കാന്‍ സഖ്യകക്ഷികളുടെ സഹായം തേടുകയും ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് അയവു വന്നിട്ടില്ല. എണ്ണ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലാകും ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. നാണയപ്പെരുപ്പം വര്‍ദ്ധിക്കുന്നതും തൊഴിലില്ലായ്മ ഉയരുന്നതും പല രാജ്യങ്ങളിലും സാമൂഹിക അസ്വസ്ഥതകള്‍ക്ക് വഴിതെളിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ലോകം 1970-കളേക്കാള്‍ സാങ്കേതികമായി പുരോഗതി പ്രാപിച്ചിട്ടുണ്ടെന്നും പല രാജ്യങ്ങളും കരുതല്‍ എണ്ണശേഖരം സൂക്ഷിക്കുന്നുണ്ടെന്നും ചില വിദഗ്ധര്‍ വാദിക്കുന്നു. എങ്കിലും, വിതരണ ശൃംഖലയിലുണ്ടായ ഈ വമ്പിച്ച വിടവ് നികത്തുക അസാധ്യമാണെന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും വിശ്വസിക്കുന്നു. ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി പല രാജ്യങ്ങളും ഇതിനകം തന്നെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ആഗോള സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള ഏക പോംവഴിയെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
ട്രംപ് ഭരണകൂടം ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. എണ്ണവില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് ചില നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഇത് വിമാനയാത്ര, ചരക്ക് നീക്കം, കൃഷി തുടങ്ങി എല്ലാ മേഖലകളെയും ബാധിക്കും. ചുരുക്കത്തില്‍, അഞ്ചാം വാരത്തിലേക്ക് കടക്കുന്ന പശ്ചിമേഷ്യന്‍ യുദ്ധം വെറുമൊരു പ്രാദേശിക സംഘര്‍ഷമല്ലെന്നും അത് ലോകം ഇതുവരെ കാണാത്ത വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്കുള്ള തുടക്കമാണെന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
