പയ്യന്നൂരില്‍ 'സോഷ്യല്‍ മീഡിയ അടിയന്തരാവസ്ഥ'; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പോസ്റ്റിട്ടാല്‍ ഫോണ്‍ കസ്റ്റഡിയില്‍; വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി; കുഞ്ഞികൃഷ്ണനായി സ്ഥാപിച്ച ബോര്‍ഡുകളും ചുമരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുന്നു; പയ്യന്നൂരില്‍ 'ടിപി മോഡല്‍' വരുമോ? ആശങ്ക ശക്തം

Update: 2026-03-31 05:44 GMT

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ ഭീതിയുടെ നിഴല്‍. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടിയും സൈബര്‍ ആക്രമണവും കടുക്കുമ്പോള്‍, മണ്ഡലത്തില്‍ ഒരു 'ടി.പി. ചന്ദ്രശേഖരന്‍ മോഡല്‍' അക്രമം ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാവുകയാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കാലത്ത് ടി.പി. കൊല്ലപ്പെട്ട ചരിത്രം നിലനില്‍ക്കെ, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പ് കാലം ചിലര്‍ക്ക് തടസ്സമല്ലെന്ന ചര്‍ച്ചകളാണ് പയ്യന്നൂരിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഉയരുന്നത്.

മണ്ഡലത്തില്‍ നിലവില്‍ ഒരു 'സോഷ്യല്‍ മീഡിയ അടിയന്തരാവസ്ഥ'യ്ക്ക് തുല്യമായ സാഹചര്യമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ഐ. മധുസൂദനനെതിരെ പോസ്റ്റിടുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നവരുടെ മൊബൈല്‍ ഫോണുകളും സിമ്മുകളും പോലീസ് വ്യാപകമായി പിടിച്ചെടുക്കുകയാണ്. വി. കുഞ്ഞികൃഷ്ണനായി സ്ഥാപിച്ച ബോര്‍ഡുകളും ചുമരെഴുത്തുകളും സി.പി.എം ഗുണ്ടകള്‍ നശിപ്പിക്കുന്നതായും പരാതിയുണ്ട്. കുഞ്ഞികൃഷ്ണനൊപ്പം വീടുവീടാന്തരം പ്രചാരണത്തിന് പോകുന്നവരെ പാര്‍ട്ടി നേരിട്ട് നിരീക്ഷിക്കുന്നത് മണ്ഡലത്തില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ നിധിയില്‍ നിന്ന് 40 ലക്ഷം രൂപ നേതാക്കള്‍ സ്വന്തം പേരില്‍ നിക്ഷേപിച്ച് പലിശ തട്ടിയെടുത്തു എന്ന ബാങ്ക് രേഖകള്‍ സഹിതമുള്ള വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ അഴിമതിക്കഥകള്‍ ജനങ്ങളിലേക്ക് എത്തുന്നത് തടയാനാണ് പോലീസ് സഹായത്തോടെയുള്ള ഈ അടിച്ചമര്‍ത്തല്‍.

പയ്യന്നൂരിലെ ഭീഷണികള്‍ക്ക് പുറമെ, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വധഭീഷണി ഉയരുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് പത്രസമ്മേളനത്തിനിടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പോയ മുഖ്യമന്ത്രിയെ 'സി.എം. ഇത് ശരിയായില്ല' എന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മകന്‍ തന്നെ ഫേസ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകനെതിരെ കൊലവിളി നടത്തിയത് ഞെട്ടിക്കുന്നതാണ്. 'കേസായാലും ഒന്ന് കാണണം' എന്ന തരത്തിലുള്ള വെല്ലുവിളികള്‍ ഭരണകൂടത്തിന്റെ തണലില്‍ നടക്കുന്ന ഗുണ്ടായിസമാണെന്ന് ആക്ഷേപമുയരുന്നു.

കൊല്ലത്തെ ഭീഷണി സംഭവവും പയ്യന്നൂരിലെ ഫോണ്‍ പിടിച്ചെടുക്കലും കൂട്ടിവായിക്കുമ്പോള്‍, വിമര്‍ശിക്കുന്നവരുടെ നാവടക്കാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കുന്ന ശൈലിയാണ് ചിലര്‍ പിന്തുടരുന്നത്. ടി.പി. ചന്ദ്രശേഖരനെപ്പോലെ ഒരാളെ തിരഞ്ഞെടുപ്പ് കാലത്ത് ഇല്ലാതാക്കിയവര്‍ക്ക് കുഞ്ഞികൃഷ്ണനെപ്പോലൊരു മുന്‍ സഹപ്രവര്‍ത്തകനെ നേരിടാന്‍ അക്രമം ഒരു വഴിയാകുമോ എന്ന ആശങ്കയിലാണ് പയ്യന്നൂര്‍. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണന് ലഭിക്കുന്ന ജനപിന്തുണയും പാര്‍ട്ടി കോട്ടകളിലെ വിള്ളലും സി.പി.എമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്.

അഴിമതി ആരോപണങ്ങളും നേതാക്കളുടെ പലിശ തട്ടിപ്പും ചര്‍ച്ചയാകുന്നതിന് പകരം ഭീഷണിയിലൂടെ വോട്ടര്‍മാരെ വരുതിയിലാക്കാനാണ് സി.പി.എം ശ്രമം. പയ്യന്നൂരിലെ ഈ അടിയന്തരാവസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. പയ്യന്നൂര്‍ മണ്ഡലത്തില്‍ വികുഞ്ഞികൃഷ്ണനായി യുഡി എഫ് എഴുതിയ ചുമരെഴുത്തുകളും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട് വീടുവീടാന്തരം കയറിയുള്ള പ്രചാരണമാണ് വി കുഞ്ഞികൃഷ്ണനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും നടത്തുന്നത്. എന്നാല്‍ കുഞ്ഞികൃഷ്ണനൊപ്പം പോകുന്നവരും അദ്ദേഹത്തെ മനസ് കൊണ്ടു അനുകൂലിക്കുന്നവരും സി.പി. എമ്മിന്റെ നിരീക്ഷണത്തിലാണ്.

രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ നിധിയില്‍ നിന്ന് 40 ലക്ഷം രൂപ മുതിര്‍ന്ന നേതാക്കളായ ടി.ഐ മധുസൂദനന്റെയും കെ.പി മധുവിന്റെയും പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി മാറ്റിയെന്നാണ് ബാങ്ക് രേഖകളില്‍ നിന്ന് പ്രധാനമായും വ്യക്തമാകുന്നത്. 2016 നവംബര്‍ 3-നാണ് ഈ തുക പയ്യന്നൂര്‍ റെയില്‍വേ ഗേറ്റ് ബ്രാഞ്ചില്‍ നേതാക്കളുടെ പേരില്‍ നിക്ഷേപിച്ചത്. 2018 വരെ രണ്ട് വര്‍ഷക്കാലം ഈ തുക നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടില്‍ തുടര്‍ന്നു. ഫണ്ട് തട്ടിപ്പ് പാര്‍ട്ടിയില്‍ വലിയ തര്‍ക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, രണ്ട് വര്‍ഷത്തെ പലിശ നേതാക്കള്‍ സ്വന്തമായി എടുത്തു എന്നാണ് വി. കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നത്.

'2016 ഓഗസ്റ്റ് 16-നാണ് ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ നിധി രൂപീകരിച്ചത്. വെറും രണ്ട് മാസത്തിനുള്ളില്‍ 63 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലെത്തിയിരുന്നു. ഇതില്‍ നിന്നാണ് 40 ലക്ഷം രൂപ നേതാക്കള്‍ വകമാറ്റിയത്. കൂടാതെ, അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും, ഇത് ഭവന നിര്‍മ്മാണത്തിന് ചെലവഴിച്ചതായി കള്ള രേഖയുണ്ടാക്കിയെന്നും കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. പയ്യന്നൂരില്‍ യു.ഡി എഫ് സ്വതന്ത്രനായ വി കുഞ്ഞികൃഷ്ണനെ നേരിടാന്‍ സി.പി.എം നേതാക്കളുടെ വന്‍ നിര തന്നെ ക്യാംപ് ചെയ്യുന്നുണ്ട്.

Similar News