വിജ്ഞാപനമോ താല്‍പ്പര്യപത്രമോ അടക്കം യാതൊരു വിധ മത്സര പ്രക്രിയകളുമില്ലാതെ മന്ത്രി പത്‌നി സിഇ.ഒ ആയ 'മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍' എന്ന കമ്പനിക്ക് വഴിവിട്ട സഹായം; സാധാരണ മൊത്ത വ്യാപാരികള്‍ക്ക് നല്‍കുന്ന നിരക്കിനേക്കാള്‍ 15 ശതമാനം കമ്മീഷന്‍ കൂടുതല്‍ നല്‍കി; ഗണേഷിന്റെ ഭാര്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുമോ?

Update: 2026-03-12 04:47 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പ്രമുഖ സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മില്‍മയുടെയും ഉല്‍പ്പന്നങ്ങള്‍ വിദേശത്ത് വിപണനം ചെയ്യാനുള്ള കരാര്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിക്ക് നല്‍കിയതില്‍ സ്വജനപക്ഷപാത ആരോപണം ശക്തമാകുന്നു.

വിജ്ഞാപനമോ താല്‍പ്പര്യപത്രമോ അടക്കം യാതൊരുവിധ മത്സരപ്രക്രിയകളുമില്ലാതെയാണ് മന്ത്രിപത്‌നി സി.ഇ.ഒ ആയ 'മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍' എന്ന കമ്പനിക്ക് ഈ വഴിവിട്ട സഹായം നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. കേരഫെഡ് വെളിച്ചെണ്ണ ദുബായിലും മില്‍മ ഉല്‍പ്പന്നങ്ങള്‍ ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും വില്‍ക്കാനുള്ള കുത്തകാവകാശമാണ് മന്ത്രിയുടെ വീടിന്റെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

മൊത്തവ്യാപാര ഏജന്റിനെ നിശ്ചയിക്കാന്‍ കരാര്‍ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡ് നല്‍കുന്ന വിശദീകരണം. എന്നാല്‍, വിദേശ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ മറ്റൊരു കമ്പനിയുമായും ഇത്തരമൊരു കരാര്‍ കേരഫെഡ് നിലവില്‍ ഉണ്ടാക്കിയിട്ടില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. 2024 നവംബര്‍ 16-ന് ഒപ്പിട്ട കരാര്‍ പ്രകാരം, കേരഫെഡില്‍ നിന്ന് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്‍കുന്ന ഇടനിലക്കാരായാണ് മിഡ്നൈറ്റ് സണ്‍ പ്രവര്‍ത്തിക്കുന്നത്.

സാധാരണ മൊത്തവ്യാപാരികള്‍ക്ക് നല്‍കുന്ന നിരക്കിനേക്കാള്‍ 15 ശതമാനം കമ്മീഷന്‍ കൂടി ഈ കമ്പനിക്ക് അധികമായി നല്‍കാന്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. 2025 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ടണ്‍ കണക്കിന് വെളിച്ചെണ്ണയാണ് ഈ ഇടപാടിലൂടെ കയറ്റി അയച്ചത്. സമാനമായ രീതിയില്‍ മില്‍മയുടെ നെയ്യും പാല്‍ ഉല്‍പ്പന്നങ്ങളും വിദേശത്ത് വില്‍ക്കാനുള്ള കരാറും ഈ കമ്പനി സ്വന്തമാക്കി. ടെന്‍ഡര്‍ നടപടികളിലൂടെയല്ല കരാര്‍ നല്‍കിയതെന്നും കമ്പനി താല്‍പ്പര്യപ്പെട്ടു വന്നപ്പോള്‍ ചര്‍ച്ച നടത്തി തീരുമാനിക്കുകയായിരുന്നു എന്നുമാണ് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വ്യക്തമാക്കിയത്.

മാസം കുറഞ്ഞത് 25 ലക്ഷം രൂപയുടെ ബിസിനസ് നടത്തണമെന്നാണ് വ്യവസ്ഥ. മന്ത്രിയുടെ കുടുംബാംഗം സി.ഇ.ഒ ആയ കമ്പനിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി വഴിവിട്ട സഹായം നല്‍കുന്നത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, വിഷയത്തില്‍ ഭരണവിഭാഗത്തിനുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്വജനപക്ഷപാതം വ്യക്തമായ ഈ ഇടപാടില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും സാധ്യതയുണ്ട്. മന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ വിജിലന്‍സിന് പരാതി ആരെങ്കിലും നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

Similar News