ജെഫ്രി എപ്സ്റ്റീന് രഹസ്യമായി ഒരു കുഞ്ഞുണ്ടെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു; പതിനാറ് വയസ്സുള്ളപ്പോള്‍ മുതല്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ച യുവതിയെ ചൂണ്ടിക്കാട്ടി തന്റെ കുഞ്ഞിന്റെ മാതാവ് എന്ന് എപ്സ്റ്റീന്‍ പറഞ്ഞു; അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ ആ വാക്കുകള്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കുന്നു

ജെഫ്രി എപ്സ്റ്റീന് രഹസ്യമായി ഒരു കുഞ്ഞുണ്ടെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു

Update: 2026-03-12 04:54 GMT

ന്യൂയോര്‍ക്ക്: തനിക്ക് പതിനാറ് വയസ്സുള്ളപ്പോള്‍ മുതല്‍ വര്‍ഷങ്ങളോളം ജെഫ്രി എപ്സ്റ്റീന്‍ തന്നെ പീഢിപ്പിച്ചു എന്ന് ആരോപിച്ചു രംഗത്തുവന്ന ഒരു ഇര അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത് എപ്സ്റ്റീന്‍ ഒരു സുന്ദരിയായ സ്ത്രീയുടെ ചിത്രം കാണിച്ച് അത് തന്റെ കുഞ്ഞിന്റെ അമ്മയാണെന്ന് പറഞ്ഞു എന്നാണ്. ബീച്ചില്‍ നില്‍ക്കുന്ന ഒരു വെള്ളക്കാരിയായ സ്ത്രീയുടെ ചിത്രം കാണിച്ചിട്ടാണ് അവര്‍ തന്റെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയാണെന്ന് എപ്സ്റ്റീന്‍ പറഞ്ഞത് എന്നാണ് ഇര അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്.

എല്ലാം തികഞ്ഞ ഒരു വനിത എന്ന നിലയിലാണ് എപ്സ്റ്റീന്‍ അവരെ കുറിച്ച് പറഞ്ഞതെന്നും ഇര അറിയിച്ചു. മാത്രമല്ല, എപ്സ്റ്റീനിന്റെ മാന്‍ഹട്ടന്‍ ടൗണ്‍ഹൗസില്‍ ഈ വനിതയുടെ ഒരു ശില്പം ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. തന്റെ ഡി എന്‍ എ വഹിക്കുന്ന ഒരു മനുഷ്യകുലത്തെ വാര്‍ത്തെടുക്കാന്‍ എപ്സ്റ്റീന്‍ രഹസ്യമായി ശ്രമിച്ചിരുന്നു എന്ന ആരോപണത്തിന് ബലമേകുന്നതാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട രേഖകളില്‍ ഉള്ളടക്കം. ഈ ആരോപണം എപ്സ്റ്റീന്റെ സഹോദരന്‍ മാര്‍ക്ക് തുടര്‍ച്ചയായി നിഷേധിച്ചിരുന്നതും ഈ അവസരത്തില്‍ സ്മരണീയമാണ്.

കൂടുതല്‍ സ്ത്രീകളോട് തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് എപ്സ്റ്റീന്‍ എഴുതിയ മെയില്‍ സന്ദേശങ്ങള്‍ ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. നേരത്തെ, എഫ് ബി ഐ ചോദ്യം ചെയ്ത ഇരകളില്‍ ഒരാള്‍ എപ്സ്റ്റീന്‍ തന്നോട് അക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. അതിനോടൊപ്പം, കൈയ്യില്‍ ഒരു കുഞ്ഞിനെ പിടിച്ച ഒരു വനിതയെ എപ്സ്റ്റീന്‍ പുണരുന്ന ഒരു ചിത്രവും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മുഖങ്ങള്‍ മറച്ചിരിക്കുകയാണ്.

എപ്സ്റ്റീന്റെ അടുത്ത സുഹൃത്തും, മുന്‍ രാജകുമാരന്‍ ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറിന്റെ മുന്‍ ഭാര്യയുമായ സാറ ഫെര്‍ഗുസന്‍, എപ്സ്റ്റീനയച്ച ഒരു മെയില്‍ സന്ദേശം പുറത്തുവന്നതോടെയാണ് എപ്സ്റ്റീന് ഒരു രഹസ്യ കുഞ്ഞുണ്ടെന്ന അഭ്യൂഹം ശക്തമായത്. ഒരു അച്ഛനായതില്‍ എപ്സ്റ്റീനെ അഭിനന്ദിച്ചു കൊണ്ടുള്ളതായിരുന്നു 2011 സെപ്റ്റംബറില്‍ അയച്ച ആ സന്ദേശം.

Tags:    

Similar News