വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത പൂര്‍ണ്ണമായും നിലച്ചതോടെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ഗ്യാസ് അടുപ്പുകളെ കൈവിട്ട് ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്കും ഇലക്ട്രിക് സ്റ്റൗവുകളിലേക്കും മാറാന്‍ കുടുംബം: സോളാറിന് പ്രസക്തി കൂടും; ഗതാഗതത്തേയും ബാധിച്ചേക്കും

Update: 2026-03-12 01:09 GMT

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുമ്പോള്‍ അതിന്റെ പ്രകമ്പനം കേരളത്തിലെ അടുക്കളകളിലും എത്തിത്തുടങ്ങി. പാചകവാതക ഇറക്കുമതി തടസ്സപ്പെട്ടതോടെ സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത പൂര്‍ണ്ണമായും നിലച്ചതോടെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇതോടെ ഗ്യാസ് അടുപ്പുകളെ കൈവിട്ട് ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്കും ഇലക്ട്രിക് സ്റ്റൗവുകളിലേക്കും മാറാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. സോളാര്‍ ഊര്‍ജ്ജത്തിന്റെ പ്രസക്തി ഏറുന്ന കാഴ്ചയാണ് വിപണിയില്‍ ഇപ്പോള്‍ കാണുന്നത്.

വാണിജ്യ സിലിണ്ടറുകള്‍ ഐ.ഒ.സി, ബി.പി.സി.എല്‍ തുടങ്ങിയ കമ്പനികള്‍ വിതരണം നിര്‍ത്തിവെച്ചതോടെ സംസ്ഥാനത്തെ 20 ശതമാനത്തോളം ഹോട്ടലുകള്‍ ഇതിനകം അടഞ്ഞുകിടക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് 50 ശതമാനത്തിന് മുകളിലാകുമെന്നാണ് സൂചന. ആശുപത്രികള്‍ പോലുള്ള അത്യാവശ്യ മേഖലകളിലേക്ക് മാത്രമായി ഗ്യാസ് വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതോടെ ഹോട്ടല്‍ മേഖല പൂര്‍ണ്ണമായും വെട്ടിലായി. നഗരസഭയുടെ വിലക്കുള്ളതിനാല്‍ വിറകടുപ്പുകള്‍ ഉപയോഗിക്കാനും കഴിയാത്ത സാഹചര്യത്തില്‍ ഇലക്ട്രിക് കുക്കിംഗ് സംവിധാനങ്ങള്‍ മാത്രമാണ് ഏക പോംവഴി.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെയും പ്രതിസന്ധി സാരമായി ബാധിച്ചു. ഗ്യാസ് കണക്ഷന്‍ നിര്‍ബന്ധമാക്കിയ സ്‌കൂളുകളില്‍ ഇപ്പോള്‍ താല്‍ക്കാലികമായി വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ വിറക് കരുതണമെന്നാണ് പ്രധാന്‍മന്ത്രി പോഷന്‍ ശക്തി നിര്‍മ്മാണ്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഗാര്‍ഹിക സിലിണ്ടറുകളുടെ ബുക്കിംഗിലും തടസ്സങ്ങള്‍ നേരിട്ടു തുടങ്ങിയതോടെ സാധാരണക്കാരായ വീട്ടമ്മമാരും ആശങ്കയിലാണ്. എല്‍എന്‍ജി ഓട്ടോകളേയും ടാക്‌സികളേയും പ്രതിസന്ധി ബാധിച്ചേക്കും.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സോളാര്‍ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റമാണ്. പശ്ചിമേഷ്യയിലെ ഓരോ സ്‌ഫോടനവും ഇന്ത്യയിലെ അടുക്കള ബജറ്റ് തെറ്റിക്കുമ്പോള്‍, സ്വാശ്രയ ഊര്‍ജ്ജമായ സോളാര്‍ മാത്രമാണ് ശാശ്വത പരിഹാരമെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിയുന്നു. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഇന്‍ഡക്ഷന്‍ സ്റ്റൗവുകള്‍ ഉപയോഗിക്കുന്നതിലൂടെ ഗ്യാസ് സിലിണ്ടറുകളുടെ ആശ്രിതത്വം പൂര്‍ണ്ണമായും ഒഴിവാക്കാം. ഗ്യാസ് ഓട്ടോകള്‍ ഇന്ധനമില്ലാതെ ഷെഡിലായതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറി സോളാര്‍ വഴി ചാര്‍ജ് ചെയ്യുന്ന രീതിയിലേക്കും ആളുകള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ധനത്തിനായി അന്യരാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടമാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. വിപണിയില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്കും ഇലക്ട്രിക് സ്റ്റൗവുകള്‍ക്കും ഡിമാന്‍ഡ് കുതിച്ചുയരുകയാണ്. വന്‍കിട ബേസ് കിച്ചണുകളും റെയില്‍വേ സ്റ്റേഷനുകളും സോളാര്‍ പ്ലാന്റുകളിലേക്ക് മാറണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ചുരുക്കത്തില്‍, പശ്ചിമേഷ്യന്‍ യുദ്ധം കേരളത്തിന്റെ ഇന്ധന ശീലങ്ങളെയും അടുക്കള കണക്കുകളെയും അടിമുടി മാറ്റിയെഴുതുകയാണ്. ഇതിനൊപ്പം ഓട്ടോ-ടാക്‌സി മേഖലയെ കൂടി ഇത് ബാധിച്ചാല്‍ യുദ്ധം കേരളത്തെ അതിപ്രതികൂല അവസ്ഥയിലേക്ക് തള്ളി വിടും.

Similar News