വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ എണ്ണയുടെ അളവ് കുറവാണെന്നും മര്‍ദ്ദം അപകടകരമായ രീതിയില്‍ പൂജ്യം ലെവലിലാണെന്നും തിരിച്ചറിഞ്ഞു; എന്‍ജിന്‍ ഓഫ് ചെയ്ത് ഇന്ധനം കടലില്‍ ഒഴുക്കി സാഹസികത; തിരുവനന്തപുരത്ത് എയര്‍ഇന്ത്യാ വിമാനം പ്രതിസന്ധിയെ അതിജീവിച്ചത് ഇങ്ങനെ
തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ബുധനാഴ്ച പുലര്‍ച്ചെ 4.56-ന് 184 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട എ.ഐ 830-ാം നമ്പര്‍ വിമാനമാണ് ആകാശത്ത് വെച്ച് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ എണ്ണയുടെ അളവ് കുറവാണെന്നും മര്‍ദ്ദം അപകടകരമായ രീതിയില്‍ പൂജ്യം ലെവലിലാണെന്നുമുള്ള മുന്നറിയിപ്പ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിമാനം മുന്നോട്ട് പറത്തുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ പൈലറ്റ് ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടി.
തകരാറിലായ എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം, ലാന്‍ഡിംഗ് ഭാരം കുറയ്ക്കുന്നതിനായി വിമാനത്തിലുണ്ടായിരുന്ന ഇന്ധനം കടലില്‍ ഒഴുക്കിക്കളഞ്ഞാണ് 5.30-ഓടെ വിമാനം റണ്‍വേയില്‍ തൊട്ടത്. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയ ഉടന്‍ യാത്രക്കാരെ പുറത്തെത്തിക്കുകയും വിമാനം വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായി മാറ്റുകയും ചെയ്തു. പിന്നീട് തകരാര്‍ പരിഹരിച്ച ശേഷം രാവിലെ 10.15-ഓടെ ഇതേ വിമാനത്തില്‍ തന്നെ യാത്രക്കാരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
പൈലറ്റിന്റെ മാനസിക ധൈര്യം കാരണമാണ് വലിയ ദുരന്തം ഒഴിവായതെന്ന് വിലയിരുത്തലുണ്ട്. പ്രോട്ടോകോള്‍ അനുസരിച്ച് എല്ലാം ചെയ്തായിരുന്നു വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കിയത്.