കൊച്ചി, 25 ജൂലൈ 2024: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടിയുടെ 25-ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച്, വടക്കന്‍ പറവൂരിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അര്‍ഹരായ 25 വിദ്യാര്‍ത്ഥികള്‍ക്ക് ജി എ മേനോന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. കമ്പനിയുടെ സ്ഥാപക ചെയര്‍മാനായ ജി എ മേനോന്‍ വടക്കന്‍ പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. യോഗ്യത, അക്കാദമിക മികവ് എന്നീ മാനദണ്ഡങ്ങള്‍ പ്രകാരമാണ് അര്‍ഹരായ 25 വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

സ്‌കോളര്‍ഷിപ്പ് ദാന ചടങ്ങില്‍ യുഎസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍; സിഎസ്ആര്‍ അംബാസഡര്‍ സോഫി ജാനറ്റ്; കളേഴ്‌സ് കാറ്റലിസ്റ്റ് നിപുണ്‍ വര്‍മ്മ; സിഎസ്ആര്‍ എക്‌സിക്യൂട്ടീവുമാരായ വിനീത് മോഹനന്‍, രാമുകൃഷ്ണ; സിഎസ്ആര്‍ കോര്‍ ടീം അംഗങ്ങളായ ഷൈന്‍ അബ്ദുള്‍ റഷീദ്, ലക്ഷ്മി മേനോന്‍; വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ശശിധരന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് പി.എസ്; എസ്എംസി ചെയര്‍മാന്‍ വിനു എം ജെ; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വീണ എസ് വി; ഹെഡ്മിസ്ട്രസ് സിനി എ എസ്; സ്‌കൂളിലെ മറ്റ് അധികാരികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ക്ലാസും യുഎസ് ടി സംഘടിപ്പിച്ചു.

'ജീവിത പരിവര്‍ത്തനം സാധ്യമാക്കാനും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുമായുള്ള ഞങ്ങളുടെ സ്ഥാപക ചെയര്‍മാന്‍ ജിഎ മേനോന്റെ കാഴ്ചപ്പാടിന് അനുസൃതമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യു എസ് ടി പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. യു എസ് ടിയുടെ 25-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, ജി എ മേനോന്‍ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന വടക്കന്‍ പറവൂരിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികളെ യോഗ്യതയുടെയും അക്കാദമിക മികവിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. തടസ്സങ്ങളേതുമില്ലാതെ പഠനം തുടരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരമൊരുക്കും,' യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മികച്ച അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുന്നതില്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കുന്നതില്‍ യു എസ് ടി എന്നും മുന്‍പന്തിയിലാണ്. വിവിധ പരിപാടികളാണ് കമ്പനി ഈ മേഖലയില്‍ നടപ്പാക്കി വരുന്നത്.