കോഴിക്കോട്: അര്‍ജുന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് മലയാളികള്‍. തിരച്ചിലില്‍ കാര്യമായ പുരോഗതി ലഭിക്കാത്തത് വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നു. ഇതിനിടെ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥലം സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ഈ സന്ദര്‍ശനത്തിന്റെ പേരിലും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

കര്‍ണ്ണാടകയിലെ ദുരന്തമുഖത്തെത്തിയ ബാലുശ്ശേരി എംഎല്‍എ കെ.എം.സച്ചിന്‍ ദേവിനെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുരന്തസ്ഥലത്ത് നില്‍ക്കുന്ന എംഎല്‍എയുടെ ഒരു ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. അര്‍ജുന് വേണ്ടി ദുരന്തമുഖത്ത് എത്തി സച്ചിന്‍ ദേവ് എംഎല്‍എ. ദുരന്തമുഖത്ത് ചെന്നുനിന്ന് ചിരിച്ചു കൊണ്ട് സെല്‍ഫിയെടുത്ത കേരളത്തിലെ മറ്റൊരു ദുരന്തം എന്ന കുറിപ്പിനൊപ്പം സച്ചിന്‍ ദേവ് എംഎല്‍എയുടെ ഒരു ചിത്രമടങ്ങിയ കാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍, ഇത് വസതുതാ വിരുദ്ധമാണെന്നാണ് വ്യക്തമാകുന്ന കാര്യം.

പ്രചരിക്കുന്ന വൈറല്‍ ചിത്രത്തിന് സമാനമായ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിലെവിടെയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു പരിശോധിച്ചാല്‍ തന്നെ നുണ പ്രചരണം തെളിയും. കാണാതായ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്റെ സമൂഹമാധ്യമ പേജുകളില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ടെങ്കിലും വിവാദ ചിത്രം പങ്കുവെച്ചിട്ടില്ല. ആ ചിത്രം 2023ലെ മറ്റൊരു പോസ്റ്റിനൊപ്പം ഉള്ളതാണ്.

കെ.എം.സച്ചിന്‍ദേവ് എംഎല്‍എ ദുരന്ത സ്ഥലം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ചിലര്‍ നല്‍കിയ വാര്‍ത്തയ്‌ക്കൊപ്പമുള്ള ചിത്രമാണ് ദുരന്തമുഖത്ത് നിന്നുള്ള സച്ചിന്‍ ദേവിന്റെ ചിരിച്ചു കൊണ്ടുള്ള സെല്‍ഫി എന്ന തരത്തില്‍ തെറ്റായി പ്രചരിക്കുന്നതെന്നുണ്ട്.