തിരൂര്‍: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. താനൂര്‍ നന്നമ്പ്ര സ്വദേശിയാണ് തിരൂര്‍ പോലീസിന്റെ പിടിയിലായത്. ഡിഗ്രി വിദ്യാര്‍ഥിയാണ് യുവാവ്. വിദ്യാര്‍ഥിനിയുടെ നിരവധി ചിത്രങ്ങള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്, വിദ്യാര്‍ഥിനിയെന്ന് പേരില്‍ പലരോടും ചാറ്റ് ചായ്ത് സൗഹൃദമുണ്ടാക്കിയതിന് ശേഷം വീഡിയോ കോള്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നും പണം തട്ടുകയായിരുന്നു.

പരാതിക്കാരിയുടെ ചിത്രങ്ങള്‍ മറ്റൊരു അക്കൗണ്ടില്‍ സ്ഥിരമായി വരുന്നത് കണ്ട് സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ഥിനി വിവരം അറിയുന്നത്. തുടര്‍ന്ന്, തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. അഞ്ചില്‍ അധികം ആളുകളില്‍ നിന്നും യുവാവ് ഈ രീതിയില്‍ പണം തട്ടിയതായാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരൂര്‍ ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നിര്‍ദേശാനുസരണം തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ.ജെ, തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് ആര്‍.പി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ദിനേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ജിനേഷ് കെ, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു ഉണ്ടായിരുന്നു.