ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നതിനായി രാമ രാജ്യം എന്ന ആശയത്തിലെ 10 തത്ത്വങ്ങൾ തങ്ങളുടെ സർക്കാർ പിന്തുടരുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിൽ നന്ദിപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായാൽ തന്റെ സർക്കാർ മുതിർന്ന പൗരന്മാരെ ദർശനത്തിനായി അയക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.

ഞാൻ ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ്. രാമരാജ്യ സങ്കൽപ്പം തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. മികച്ച ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴിൽ, പാർപ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിർന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങളാണ് ഡൽഹി സർക്കാർ രാമരാജ്യ സങ്കൽപ്പത്തിൽ നിന്ന് ഉൾകൊണ്ടിരിക്കുന്നത്. ഡൽഹിയിൽ ഒരാൾ പോലും ദാരിദ്ര്യം മൂലം പ്രയാസപ്പെടാൻ പാടില്ല. ഓരോ കുട്ടിക്കും അവരുടെ സാമൂഹികനില പരിഗണിക്കാതെ മികച്ച വിദ്യാഭ്യാസം നൽകണം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ മികച്ച ആരോഗ്യ പരിരക്ഷ എല്ലാവർക്കും ലഭിക്കണം, കെജ്രിവാൾ പറഞ്ഞു.

ഡൽഹിയിലെ എല്ലാ ജനങ്ങളും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് കെജ്രിവാൾ അഭ്യർഥിച്ചു. എംഎൽഎമാരും ആശുപത്രിയിൽ പോയി സാധാരണ ജനങ്ങളെ പോലെ വരിനിന്ന് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.