ജിദ്ദ: നാട്ടിൽ നിന്നും ദുബായ് വഴി സൗദിയിലേക്ക് പുറപ്പെട്ട് വിമാന നിരോധനത്തെ തുടർന്ന് ദുബായിയിൽ കുടുങ്ങിയ മലയാളികളിൽ പലരും സൗദിയിൽ എത്തി, പലരും വരും ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ എത്തും. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടൻ ഉൾപ്പെടെ ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് സൗദി അറേബ്യ അതിർത്തികൾ എല്ലാം അടച്ചത്. ഇതിനെ തുടർന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിനിന്നും ദുബായ് വഴി സൗദിയിലേക്ക് പുറപ്പെട്ട പ്രവാസികൾ ദുബായിയിൽ കുടുങ്ങിയത്.

അപ്രതീക്ഷിതമായി ദുബായിയിൽ കുടുങ്ങിയവർക്ക് കെഎംസിസി , ഐ സി എഫ് എന്നീ സംഘടനകൾ സൗജന്യ താമസം, ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് വലിയ അനുഗ്രമായി. ഭൂരിഭാഗം പേരും ഇങ്ങനെ സംഘടനകൾ തയ്യാറാക്കിയ ക്യാമ്പുകളിലാണ് കഴിഞ്ഞത്. എന്നാൽ ചിലർ സ്വന്തം ചെലവിൽ ഹോട്ടലിൽ തന്നെ താമസിക്കുകയും മറ്റു ചിലർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിക്കുകയും ചെയ്തു.

ദുബായിയിൽ കുടുങ്ങിയവർക്ക് യു എ ഇ കെഎംസിസി ഒരുക്കിയ ഷെൽട്ടർ ക്യാമ്പ് എല്ലാം കൊണ്ടും മികച്ചതായിരുന്നുവെന്നും കെഎംസിസി പ്രവർത്തകരുടെ സേവനം ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്നും ദുബായിയിൽ നിന്നും കഴിഞ്ഞ ദിവസം ജിദ്ദയിൽ എത്തിയ കോട്ടക്കൽ മണ്ഡലം കെഎംസിസി ചെയർമാൻ ലത്തീഫ് ചാപ്പനങ്ങാടി പറഞ്ഞു.

ഇതിനിടെ ദുബായിയിലെ താമസം പ്രതീക്ഷിച്ചതിനേക്കാൾ നീണ്ടു പോയത് കാരണം ചിലരുടെ ഇഖാമ, റീ എൻട്രി എന്നിവ തീർന്നു പോയി. ഇവർക്ക് ഇനി ഇവ പുതുക്കിയതിന് ശേഷം മാത്രമേ സൗദിയിലേക്ക് വരാൻ കഴിയുകയുള്ളൂ. ഇങ്ങനെ ഇഖാമ, റീ എൻട്രി കാലാവധി തീർന്നവർ തങ്ങളുടെ സ്‌പോണ്‌സര്മാരുമായി ബന്ധപ്പെട്ടു ഇവ പുതുക്കാനുള്ള ശ്രമത്തിലാണ്.

സൗദി അറേബ്യ താൽക്കാലികമായി ഏർപ്പെടുത്തിയ വ്യോമ നിരോധനം പിൻവലിച്ചെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർ പതിനാല് ദിവസം മറ്റൊരു രാജ്യത്ത് താമസിച്ചു കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ആയതിനാൽ അവധിക്കു നാട്ടിൽ പോയവർക്ക് സൗദിയിലേക്ക് തിരിച്ചു വരാൻ ദുബായ് വഴി വരികയല്ലാതെ മറ്റു വഴികൾ ഇല്ല.

ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.