ന്യൂഡൽഹി: യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. യു.കെയിൽ പുതിയ കോവിഡ് വകഭേദം പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ നിർദ്ദേശം. യു.കെയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ഭാഗികമായി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് കെജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വളരെ പ്രയാസപ്പെട്ടാണ് കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാക്കിയത്. യു.കെയിലെ നിലവിലെ കോവിഡ് സ്ഥിതി ഗുരുതരമാണ്. ഈ സാഹചര്യത്തിൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കി ജനങ്ങളെ എന്തിനാണ് കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുന്നതെന്നും കെജ്‌രിവാൾ ചോദിച്ചു.

വിലക്ക് ഭാഗികമായി പിൻവലിച്ച സാഹചര്യത്തിൽ യു.കെയിൽ നിന്നുള്ള ആദ്യ വിമാനം ജനുവരി എട്ടിനാണ് ഇന്ത്യയിലെത്തുന്നത്. ജനുവരി 23 വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം കേന്ദ്ര വ്യോമയാന മന്ത്രാലയം 30 ആക്കി കുറയ്ക്കുകയും ചെയ്തിരുന്നു. യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്കുള്ള വിശദമായ കോവിഡ് മാർഗനിർദ്ദേശങ്ങളും കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരുന്നു.

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സർവീസ് താത്കാലികമായി റദ്ദാക്കിയത്. ഈ സർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചിരുന്നു. ജനുവരി 23 വരെ ആഴ്ചയിൽ 15 സർവീസുകൾ മാത്രമായി പരിമിതപ്പെടുത്തും. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാകും സർവീസുണ്ടാകുകയെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്.

യുകെയിൽ നിന്നുള്ള ഭൂരിഭാഗം വിമാന സർവീസും ഡൽഹിയിലേക്കും മുംബൈയിലേക്കുമാണ് ചർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിനോടകം യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 73 പേർക്ക് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.