വിവാഹത്തിന്റെ പേരില്‍ തെറിവിളി കേട്ട നസ്രിയ സുല്‍ത്താന; പിന്നാലെ ലുക്ക് നോക്കി രണ്ടാം വിവാഹത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി നടന് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും; സോഷ്യല്‍ മീഡിയാ അധിക്ഷേപങ്ങള്‍ പരിധി വിടുമ്പോള്‍
രണ്ടാം വിവാഹത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി നടന് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും
തിരുവനന്തപുരം: നാള്‍ക്കുനാള്‍ പൊളിക്ടിക്കല്‍ കരക്ടനെസ്സില് ക്ലാസെടുക്കുന്നതാണ് സോഷ്യല്‍ മീഡിയ. ഒരോ വ്യക്തിക്കും അവരവരുടെതായ സ്വകര്യതകളുണ്ടെന്നും താല്‍പ്പര്യങ്ങള്‍ വ്യക്താധിഷ്ഠിതമാണെന്നുമൊക്കെ വാതോരാതെ പറഞ്ഞും കൈകഴയ്ക്കാതെ എഴുതിയുമൊക്കെ പലരും സൈബറിടം നിറയ്ക്കാറുണ്ട്. എന്നാല്‍ ഇതേ ഇടം തന്നെ അതിഭീകരമായ വ്യക്ത്യാധിഷേപത്തിനും മാനഹാനിക്കും ഇടവരുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണങ്ങള്‍ ഇരയായി ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നവരും ഉണ്ട്.
നമുക്ക് മുന്പില് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും സൈബറാക്രമണത്തിന്റെ കാര്യത്തില്‍ കാര്യമായി കുറവൊന്നം വരുന്നുമില്ല. സൈബറാക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് കഴിഞ്ഞ ദിവസം വിവാഹിതരായ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും. രണ്ടുപേരുടെയും പ്രായത്തിന്റെയും രൂപത്തിന്റെയും പ്രത്യേകിച്ചും ക്രിസിന്റെ നരച്ച താടിയുടെയും പേരില്‍ വലിയ തോതിലുള്ള സൈബറാക്രമണമാണ് ഇവര്‍ക്കെതിരെ നടക്കുന്നത്.
ക്രിസ് വേണുഗോപാലിന്റെ ശരീരപ്രകൃതത്തെയും ഇരുവരുടെയും പ്രായത്തെയും പറ്റിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നത്. അച്ഛനും മകളും പോലെയുണ്ട്, ഇത്ര വലിയ നടിയായിട്ടും അപ്പൂപ്പനെ മാത്രമേ കല്യാണം കഴിക്കാന്‍ കിട്ടിയുള്ളോ എന്നൊക്കെയാണ് ഉയരുന്ന പരിഹാസം.ഇത്രയും പ്രായമുള്ള വ്യക്തിയെ എന്തിനാണ് കല്യാണം കഴിക്കുന്നത് മോളേ കെട്ടിക്കേണ്ട സമയത്താണ് അമ്മയുടെ കല്യാണം നടത്തുന്നത്, കെളവനെ കെട്ടിയിട്ട് എന്ത് ചെയ്യാനാ എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.
തുടക്കത്തില്‍ ഇങ്ങനെയൊക്കെയായിരുന്നെങ്കില് പിന്നീട് അശ്ലീലമായ കമന്റുകളും അധിക്ഷേപങ്ങളും ഇവര്‍ക്കുനേരെ ഉയര്‍ന്നുവന്നിരുന്നു. വിമര്‍ശനം അതിരുവിട്ടതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. ട്രോളുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കില്‍ സഭ്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന തരത്തില്‍ ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ഇരുവരും പറയുന്നത്. ഒടുവില്‍ താന്‍ സെക്സിനുവേണ്ടിയല്ല വിവാഹം കഴിച്ചതെന്ന് വരെ തുറന്നുപറയേണ്ടി വന്നിരിക്കുകയാണ് ദിവ്യയ്ക്ക്.
താനും ക്രിസും തമ്മില്‍ ഒന്‍പത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളതെന്നും, ഇത്രയും മോശം കമന്റുകള്‍ വരുമെന്ന് വിചാരിച്ചില്ലെന്നും ദിവ്യ ശ്രീധര്‍ പറയുന്നു.'വിവാഹം നാലാള് അറിഞ്ഞ് നടത്തണമെന്ന് ആഗ്രഹമായിരുന്നു.എനിക്ക് 40 വയസ്സും ഇദ്ദേഹത്തിന് 49 വയസ്സുമാണ്. നാട്ടുകാര്‍ പറയുന്നത് 60 വയസ്സെന്നാണ്. പറയുന്നവര്‍ പറഞ്ഞോട്ടെ. ഞങ്ങള്‍ക്ക് പ്രശ്നമൊന്നും ഇല്ല.എനിക്ക് 40 അല്ല ഒരു അമ്പത് ആയിക്കോട്ടെ, എന്തായാലും ഞാന്‍ അല്ലേ താമസിക്കുന്നത്.ആര്‍ക്കാണ് പ്രശ്നം.എന്തിനാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നത് . കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ
നമ്മുടെ ജീവിതത്തില്‍ വരുന്ന പ്രശ്നങ്ങള്‍ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അതിത്രയും വലിയ പ്രശ്നമാണോ ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാന്‍ പറ്റില്ല.നമ്മുടെ സമൂഹം ഇങ്ങനെയാണ്.ചെറിയ തോതില്‍ പ്രതികരണമൊക്കെയുണ്ടാവുമെന്ന് അറിയാമായിരുന്നെങ്കിലും ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സെക്സിനു വേണ്ടിയല്ല ഞാന്‍ കല്യാണം കഴിച്ചത്.എന്റെ മക്കളെ സുരക്ഷിതരാക്കണം, അവര്‍ക്കൊരു അച്ഛന് വേണം.എന്റെ ഭര്‍ത്താവ് എന്നു പറയാന്‍ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം. എനിക്കും എന്റെ മക്കള്‍ക്കും വേണ്ടിയാണ് ഞാന്‍ വിവാഹം ചെയ്തത്. ദയവ് ചെയ്ത് ഇത്രയും മോശപ്പെട്ട കമന്റ് ഇടല്ലേയെന്ന് ഞാന്‍ പറയുകയാണ്. ' എന്നും ദിവ്യ പറയുന്നു
സെക്സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്സ് ഇല്ലാതെയും ജീവിക്കാന്‍ പറ്റില്ലേ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്സ്. 60 വയസ്സുള്ള ആള് നാല്പതുകാരിയെ വിവാഹം ചെയ്തെന്നൊക്കെയാണ് വാര്‍ത്തകള്‍. ഇദ്ദേഹത്തിന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ്. ഞാന്‍ 84ല്‍ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും. ഇനി 60 വയസ്സെന്നു പറയുന്നവര്‍ പറഞ്ഞോട്ടെ. ഇവര്‍ പച്ചയ്ക്കു പറയുന്നതുപോലെ അറുപതുകാരന്റെ കൂടെ നാല്പതോ അന്‍പതോ വയസ്സുള്ള ഞാന്‍ താമസിച്ചാല്‍ എന്താണ് പ്രശ്നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകള്‍ക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ.
ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാന്‍ പറ്റില്ല. നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല.''ദിവ്യ ശ്രീധറിന്റെ വാക്കുകള്‍.പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഹപ്രവേശത്തിന് മുന്നേ അനൗണ്‍സറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ക്രിസ്. ഡോക്ട്രേറ്റും എല്‍എല്‍ബിയും നേടിയ അദ്ദേഹത്തിന് റേഡിയോ, ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമുണ്ട്.
മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. സൈക്കോളജിയില്‍ എംഎസ്എസി പൂര്‍ത്തിയാക്കിയതാണ്. ഡിജിറ്റല്‍ ഫിലിം മേക്കിങും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളുമാണ് വിവാഹവാര്‍ത്തയിലെ വിമര്‍ശനത്തിന് കാരണമായി മാറിയത്. ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഒട്ടേറെ സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങി നില്ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. ദിവ്യയുടെ രണ്ടാം വിവാഹമാണിത്.ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ഇപ്പോളിതാ ഇരുവരുടെയും പ്രണയ വിശേഷം തുറന്ന് പറയുകയാണ് ദിവ്യ. വിവാഹ മോചനം കഴിഞ്ഞ് ആകെ ബുദ്ധിമുട്ടി നില്‍ക്കുമ്പോളാണ് ക്രിസിനെ പരിചയപ്പെടുന്നത്.'ഏട്ടാ എനിക്ക് ലൈഫില്‍ മുന്നോട്ട് പോകാന്‍ ഒരു ക്ലാസ് എടുത്ത് തരുമോ' എന്നാണ് ആദ്യം ചോദിച്ചത്. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആശ്വാസം കിട്ടിയെന്നും പിന്നീട് വിവാഹത്തിലേക്ക് എത്തിയതെന്നും ദിവ്യ പറയുന്നു.
വിമര്‍ശനങ്ങള്‍ അതിരുകടന്നതോടെ ഇവരെ അനുകൂലിച്ചും ഇപ്പോള്‍ എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.