സ്വിറ്റസര്‍ലന്റിലെ ബുര്‍ഖ നിരോധനം; മറികടക്കാന്‍ സര്‍ജിക്കല്‍ മാസ്‌ക് ട്രിക്ക്

Update: 2025-04-23 11:42 GMT

ടിജി മറ്റം

സൂറിക്: സ്വിറ്റസര്‍ലന്റിലെ ബുര്‍ഖ, നിക്വാബ് നിരോധനം, ടുറിസ്റ്റുകള്‍ സര്‍ജിക്കല്‍ മാസ്‌ക് ട്രിക്കിലൂടെ മറികടക്കുന്നതായി സ്വിസ്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുസ്ഥലത്തെ ബുര്‍ഖ നിരോധനം, ഈ വര്‍ഷം ആദ്യം മുതല്‍ സ്വിറ്റസര്‍ലന്റില്‍ പ്രാബല്യത്തിലുണ്ട്. 100 ഫ്രാങ്ക്(10,400 രൂപ) മുതല്‍ 1000 ഫ്രാങ്ക് വരെയാണ്(1.04 ലക്ഷം രൂപ) നിയമം ലംഘിച്ചാല്‍ പിഴയടക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകള്‍ തുലോം കുറവാണെന്നും, മാസ്‌ക് ട്രിക്കിന് മുന്നില്‍ പൊലീസിന് പരിമിതികളുണ്ടെന്നുമാണ്, സ്വിസ്സ് ദേശിയ ചാനലായ എസ്ആര്‍എഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സൗദി അറേബ്യ, ഖത്തര്‍, കുവെയ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ടുറിസ്റ്റുകളാണ്, ബുര്‍ഖ നിരോധനം മാസ്‌ക് ട്രിക്കിലൂടെ ഒഴിവാക്കിയെടുക്കുന്നവരില്‍ മുന്നില്‍. സ്വിറ്റസര്‍ലന്റിലെ പ്രമുഖ പ്രവിശ്യയായ സൂറിക്കില്‍ ഇതേവരെ ഒറ്റ കേസാണ് ബുര്‍ഖ നിരോധനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലെ കുറ്റ ആരോപിത, പിഴ അടയ്ക്കാതെ അപ്പീലിന് പോയതായും മാധ്യമങ്ങള്‍ പറയുന്നു.

ബുര്‍ഖ നിരോധനം മറികടക്കാന്‍ സര്‍ജിക്കല്‍ മാസ്‌ക് ദുരുപയോഗിക്കുന്നതു തടയാന്‍, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടെ ടുറിസ്റ്റുകള്‍ ഹാജരാക്കണം എന്നാണ് വിമര്‍ശകരുടെ ആവശ്യം. സ്വിറ്റസര്‍ലന്റില്‍ മാത്രമല്ല ഫ്രാന്‍സിലും, ഓസ്ട്രിയയിലും ബുര്‍ഖ നിരോധനം നിലവിലുണ്ട്. ഇവിടങ്ങളിലും നിയമത്തെ മറികടക്കാന്‍ സര്‍ജിക്കല്‍ മാസ്‌കിനെ ദുരുപയോഗം ചെയ്യുന്നതായി വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍ മത നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്നവര്‍ക്ക്, 'മാസ്‌ക്' അതാത് രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഫെയര്‍ കോംപ്രമൈസ് ആണെന്നാണ് ടുറിസം രംഗത്തുള്ളവര്‍ പറയുന്നത്.

Similar News