ആരോഗ്യപ്പച്ചയെ ലോകത്തിന് കാട്ടിക്കൊടുത്ത ആദിവാസികളിലൊരാള്‍; ഈ മാസം രണ്ടു മുതല്‍ കാണാനില്ല; ദുര്‍ഗന്ധത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരഞ്ഞപ്പോള്‍ കണ്ടത് ഗുഹയ്ക്കുളളില്‍ അഴുകിയ മൃതദേഹം; ഈച്ചന്‍കാണിയുടെ മരണ കാരണം അറിയാന്‍ രാസപരിശോധനാ ഫലം വരണം; കോട്ടൂര്‍ ഉള്‍ക്കാട്ടിലെ മരണത്തില്‍ ദുരൂഹത

Update: 2025-02-13 07:05 GMT

തിരുവനന്തപുരം : ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ ലോകത്തിന് കാട്ടിക്കൊടുത്ത ആദിവാസികളിലൊരാളായ ഈച്ചന്‍ കാണിയെ (57) ദുരൂഹ സാഹചര്യത്തില്‍ കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടൂര്‍ ചോനാംപാറ നഗര്‍ സ്വദേശിയാണ്. ഈ മാസം 2 മുതല്‍ കാണാതായ ഈച്ചന്‍കാണിയെ ശനിയാഴ്ച ഉള്‍ക്കാട്ടിലെ ഗുഹയ്ക്കുള്ളില്‍നിന്നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനമെന്നും രാസപരിശോധനാഫലം ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂയെന്നും നെയ്യാര്‍ഡാം പൊലീസ് പറഞ്ഞു. വിശദ അന്വേഷണം നടത്തും.

വനത്തിനുള്ളിലുള്ള പാറയിടുക്കില്‍ ജീര്‍ണിച്ചനിലയിലായിരുന്നു മൃതദേഹം. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസും ഫോറന്‍സിക് വിഭാഗവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. 1987ല്‍ പശ്ചിമഘട്ട വനമേഖലയില്‍മാത്രം കാണപ്പെടുന്ന ആരോഗ്യപ്പച്ചയെന്ന (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവന്‍കൂറിക്കസ്) ഔഷധസസ്യത്തെ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ (ജെഎന്‍ടിബിജിആര്‍ഐ) ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തത് കുട്ടിമാത്തന്‍കാണി, മല്ലന്‍കാണി, ഈച്ചന്‍കാണി എന്നിവരാണ്. പിന്നീട് ജെഎന്‍ടിബിജിആര്‍ഐ ആരോഗ്യപ്പച്ച ഉപയോഗിച്ച് ആര്യവൈദ്യഫാര്‍മസിയുമായി ചേര്‍ന്ന് ജീവനി എന്ന മരുന്ന് നിര്‍മിക്കുകയും ലാഭവിഹിതം ആദിവാസി വിഭാഗമായ കാണിക്കാര്‍ക്ക് നല്‍കുകയും ചെയ്തു.

കാണിക്കാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കാണിസമുദായ ക്ഷേമ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ആരോഗ്യപ്പച്ച കൃഷി ചെയ്തിരുന്നത്. ഈ ട്രസ്റ്റിന്റെ ആജീവനാന്ത എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ഈച്ചന്‍ കാണി. 2002ലെ യുഎന്‍ ഇക്വേറ്റര്‍ ഇനിഷ്യേറ്റീവ് പുരസ്‌കാരവും കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റിന് ലഭിച്ചിരുന്നു. കുടുംബവുമായി അകന്നുകഴിയുകയായിരുന്നു ഈച്ചന്‍ കാണി. പ്രാചീന ഗോത്രസംസ്‌കാരത്തിന്റെ ഉടമകളായ കാണിക്കാര്‍ കണ്ടെത്തിയ, ആഗോളതലത്തില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു 'ആരോഗ്യപ്പച്ച' എന്ന ജീവന്‍സസ്യം. ആരോഗ്യപ്പച്ച എന്ന് ശാസ്ത്രസമൂഹവും 'ചാത്താന്‍കളഞ്ഞ' എന്നു കാണിക്കാരും വിളിക്കുന്ന സസ്യത്തെ കുറിച്ച് പുറംലോകം അറിഞ്ഞിട്ടു 39 കൊല്ലമാകുന്നു.

അഗസ്ത്യമലനിരകളിലെ കോട്ടൂര് ചോനാംപാറ കോളനിയിലെ കുട്ടിമാത്തന്‍കാണിയും മല്ലന്‍ കാണിയും ഈച്ചന്‍ കാണിയുമാണ്. 1987-ല്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ക്ക് ഈ സസ്യത്തെ കാണിച്ചുകൊടുത്തത്. ''വിശപ്പടക്കാനും തളര്‍ച്ച മാറ്റാനും ആദിവാസികള്‍ ഉപയോഗിച്ചു വന്നിരുന്ന ഈ സസ്യത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുന്‍ ഡയറക്ടര്‍ ഡോ. പി. പുഷ്പാംഗദനും റിസര്‍ച്ച് വിങ് തലവനായിരുന്ന ഡോ. എസ് രാജശേഖരനും എട്ടു വര്‍ഷത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. അതില്‍ നിന്ന് പിന്നീട് 'ജീവനി' എന്ന ഔഷധം നിര്‍മിക്കുകയും ചെയ്തു. പ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച് രക്തത്തിന്റെ അളവ് കൂട്ടാനാണ് 'ജീവനി' ഉപയോഗിച്ചിരുന്നത്.

വിശേഷപ്പെട്ട ഔഷധഗുണങ്ങള്‍ ഉള്ള അപൂര്‍വ്വമായ ഒരു ഔഷധച്ചെടിയാണ് ആരോഗ്യപ്പച്ച .ട്രൈക്കോപ്പസ് സെലാനിക്കസ് ആണ് ആരോഗ്യപ്പച്ചയുടെ ശാസ്ത്ര നാമം. ഇത് ഡയസ്‌കോരസി കുടുംബത്തില്‍പ്പെടുന്നു. അഗസ്ത്യാര്‍കൂട മലനിരയില്‍ സ്വാഭാവികമായി കണ്ടുവരുന്ന ഇതിന്റെ ഔഷധഗുണം വളരെ യാദൃശ്ചികമായിട്ടാണ് പുറം ലോകമറിഞ്ഞത്.

Tags:    

Similar News