എന്‍.എസ്.എസ് ഉള്‍പ്പെടെ ഒരു സമുദായ സംഘടനയുമായും കോണ്‍ഗ്രസിനോ യു.ഡി.എഫിനോ തര്‍ക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ്; പിണറായി വിജയന്‍ കപട ഭക്തനായി അഭിനയിച്ചു; മാങ്കൂട്ടത്തിലിനെ കണ്ടാല്‍ മിണ്ടുമെന്നും സതീശന്‍

Update: 2025-09-25 07:08 GMT

കൊച്ചി: എന്‍.എസ്.എസ് ഉള്‍പ്പെടെ ഒരു സമുദായ സംഘടനയുമായും കോണ്‍ഗ്രസിനോ യു.ഡി.എഫിനോ തര്‍ക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍.എസ്.എസുമായി എന്തെങ്കിലും അഭിപ്രായഭിന്നതയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും നിലവില്‍ അത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സതീശന്‍ പറഞ്ഞു. ഓരോ സംഘടനയ്ക്കും അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് രാഷ്ട്രീയപരമായ തീരുമാനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാതിരുന്നത് ശരിയായ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു. ആ പരിപാടിയില്‍ പങ്കെടുത്താല്‍ പിണറായി വിജയനെപ്പോലെ പരിഹാസപാത്രമാകുമായിരുന്നു. 4200 പേരെ പ്രതീക്ഷിച്ചിടത്ത് 600-ല്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത, വിദ്വേഷ പ്രസംഗം നടത്തുന്നവരെ ആനയിച്ചുകൊണ്ടുവന്ന പരിപാടിയില്‍നിന്ന് വിട്ടുനിന്നത് നൂറുശതമാനം ശരിയായ തീരുമാനമായിരുന്നു, അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമത്തില്‍ 'കപട ഭക്തനായി' അഭിനയിക്കുകയായിരുന്നു. വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നു. ശബരിമലയോടുള്ള സര്‍ക്കാര്‍ നിലപാടിലെ ആത്മാര്‍ത്ഥതയെയും സതീശന്‍ ചോദ്യം ചെയ്തു. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്ന് സതീശന്‍ ചോദിച്ചു.

സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, അത് സ്വാഭാവികമായ കാര്യമാണെന്ന് സതീശന്‍ മറുപടി നല്‍കി. 'രാഹുല്‍ മാങ്കൂട്ടത്തിനെ വഴിയില്‍ കണ്ടാല്‍ കാണാത്ത ഭാവത്തില്‍ പോകണോ? സംസാരിക്കാന്‍ പാടില്ലേ?', അദ്ദേഹം ചോദിച്ചു.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ പി.എസ്. ശരണിനെ കണ്ടാല്‍പോലും താന്‍ കൈ കൊടുക്കുമെന്നും അടുത്തിടെ പത്മജ വേണുഗോപാലിനെ ഒരു വിവാഹച്ചടങ്ങില്‍വെച്ച് കണ്ടപ്പോള്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിനെതിരായ നടപടി പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും തന്നെ ഒറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News