വെഞ്ഞാറമ്മൂട്ടില്‍ പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Update: 2025-10-19 17:25 GMT

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ചടയമംഗലം സ്വദേശി ഉണ്ണികൃഷ്ണനാണ് (40) പരിക്കേറ്റത്. എംസി റോഡില്‍ വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. പോലീസ് വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

വെഞ്ഞാറമ്മൂട് ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് വരുകയായിരുന്ന ആലുവ ഡിസിആര്‍ബിയുടെ റ്റാറ്റ സുമോയും എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ വെഞ്ഞാറമ്മൂട് അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പോലീസ് വാഹനത്തില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് അരോപിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ചു. തുടര്‍ന്ന് വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Similar News