അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നത്; നടക്കുന്നത് തൊഴിലാളി ചൂഷണം; നിയമ നിര്‍മാണം വേണമെന്ന് വി ഡി സതീശന്‍; കത്തെഴുതിയത് മറ്റാര്‍ക്കും അനുഭവം ഉണ്ടാകരുതെന്ന് കരുതിയെന്ന് അന്നയുടെ പിതാവ്
അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നത്
കൊച്ചി: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ച യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകളുടെ പ്രായം ഉള്ള കുട്ടിയാണ്. നടക്കുന്നത് തൊഴിലാളി ചൂഷണമാണ്.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍ സമ്മര്‍ദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിര്‍മാണം വേണം. അതിനു സമ്മര്‍ദ്ദം ചെലുത്തും.ശക്തമായ നടപടികള്‍ വേണം. കേരളത്തില്‍ ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. തൊഴിലാളി നിയമങ്ങള്‍ ഇപ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയായി മാറി. അന്നയുടെ അമ്മ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിക്കയച്ച കത്ത് കണ്ണ് തുറപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം മകളുടെ മരണ വിവരം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഹൈബി ഈഡന്‍ എംപി ഉറപ്പ് നല്‍കിയെന്ന് ചാറ്റേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിയന്റെ പിതാവ് പറഞ്ഞു. നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 20നായിരുന്നു താമസിക്കുന്ന സ്ഥലത്ത് അന്ന കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് പിതാവും പ്രതികരിച്ചിരുന്നു. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന ഗുരുതര ആരോപണവും പിതാവ് ഉന്നയിച്ചിരുന്നു.
എന്നാല്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ ഖേദം പ്രകടിപ്പ് രാജീവ് മേമാനി രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് സംസ്‌കാരത്തിന് ചേരാത്ത പ്രവര്‍ത്തിയാണെന്നും മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ജീവനക്കാരുടെ ക്ഷേമത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുമെന്നും ജീവനക്കാര്‍ക്കെല്ലാം ആരോഗ്യകരമായ തൊഴിലിടം ഉറപ്പാക്കുമെന്നും രാജീവ് മേമാനി വ്യക്തമാക്കി. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.