സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

Update: 2025-03-12 14:32 GMT

ദോഹ: സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും പങ്കുവെക്കലിന്റെയും പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി മദീന ഖലീഫ സോണ്‍ സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.

വിശപ്പിന്റെയും ഇല്ലായ്മയുടെയും പ്രയാസങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരമായ നോമ്പ്, അനുഗ്രഹങ്ങള്‍ സഹജീവികള്‍ക്ക് വേണ്ടി പങ്കുവെക്കണമെന്ന വലിയ പാഠമാണ് പകര്‍ന്നുനല്‍കുന്നതെന്ന് റമദാന്‍ സന്ദേശത്തില്‍ ഡോ. താജ് ആലുവ പറഞ്ഞു. സാമൂഹിക ബന്ധങ്ങളുടെ ആഘോഷമാണ് റമദാനില്‍ സംഭവിക്കുന്നത്. ആത്മനിയന്ത്രണത്തിനും നന്മ നിറഞ്ഞ ജീവിതത്തിനും ഉതകുന്ന ദൈവഭയം വളര്‍ത്തിയെടുക്കാന്‍ വ്രതം സഹായിക്കുന്നു. ഏകദൈവവും വേദഗ്രന്ഥവും പ്രവാചകന്‍മാരും ഏതെങ്കിലും ഒരു മതാനുയായികള്‍ക്ക് മാത്രമുള്ളതല്ല, മുഴു മനുഷ്യര്‍ക്കും പൊതുവായുള്ളതാണെന്ന അധ്യാപനമാണ് ഇസ്ലാം മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് കരിയാട്, ചന്ദ്രമോഹന്‍, അശോകന്‍, തുടങ്ങിയവര്‍ നോമ്പനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു. ജയന്‍ മടിക്കൈ കവിത ആലപിച്ചു.

ക്വിസ് മല്‍സരത്തിന് അബൂ അഹ്മദ് നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.സി.ഐ.സി സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വി.എന്‍ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍ പി.പി ഖുര്‍ആന്‍ പാരായണം നടത്തി.

കുടുംബങ്ങളടക്കം ഇരുന്നൂറിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു. നഈം അഹ്മദ്, അബ്ദുല്‍ ജബ്ബാര്‍, അബൂ റിഹാന്‍, മുഹമ്മദ് നജീം, മുഫീദ് ഹനീഫ, ഷിബു ഹംസ, സുഹൈല്‍, മുഹമ്മദ് ജമാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News