ഒഐസിസി ഇന്‍കാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു
ദോഹ: OICC-INCAS ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ഭക്തിപൂര്‍വ്വം ആഘോഷിച്ചു. തുമാമയിലെ ഭാരത് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ചാള്‍സ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോജി ജോസഫ് സ്വാഗത പ്രസംഗം നടത്തി.
സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.പ്രശസ്ത സൈക്കോളജിസ്റ്റും ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അക്കാദമിക് അഡൈ്വസറുമായ ഡോ. റോസമ്മ ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ മുഖ്യപ്രഭാഷണത്തില്‍, ഇംഗ്ലണ്ടിലെ ടാവിസ്റ്റോക്ക് സ്‌ക്വയറിലെ ഗാന്ധിജിയുടെ പ്രതിമയെ വിരൂപമാക്കാനുള്ള ശ്രമത്തെ അവര്‍ പരാമര്‍ശിച്ചു.
''ഗാന്ധിയുടെ പ്രതിമകള്‍ക്കുപോലും ഭീഷണി നേരിടുന്നത്, അദ്ദേഹത്തിന്റെ ആശയങ്ങളും മൂല്യങ്ങളും ഇന്നും എത്രത്തോളം പ്രസക്തമാണെന്ന് തെളിയിക്കുന്നു,'' എന്ന് അവര്‍ അഭിപ്രായപ്പെട്ടു.അവര്‍ തുടര്‍ന്നു പറഞ്ഞു: ''ലോക ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ ഇന്നും ഹിംസയും ഭീകരതയും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഗാന്ധിജിയുടെ മൂല്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുകയും അവയെ പ്രചരിപ്പിക്കാനും ഇത്തരം ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നത് അത്യന്തം പ്രധാനമാണ്.''
''കോട്ടും സൂട്ടുമിട്ട ബാരിസ്റ്റര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ 'അര്‍ദ്ധ നഗ്‌നനായ ഫകീര്‍' എന്ന് വിശേഷിപ്പിച്ച പരിവര്‍ത്തനത്തിലേക്ക് ഗാന്ധിജി നടന്ന ദൂരം തന്നെയാണ് ഗാന്ധിസത്തിന്റെ മഹത്തായ സന്ദേശം,'' എന്നും അവര്‍ വ്യക്തമാക്കി.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ശ്രീജിത്ത് നായര്‍, ജിസ് ജോസഫ്, ജൂട്ടാസ് പോള്‍, ജോണ്‍ ഗില്‍ബര്‍ട്ട്, നാസര്‍ വടക്കേകാട്, ജോര്‍ജ് കുരുവിള, ഷംസുദീന്‍ ഇസ്മായില്‍ എന്നിവര്‍ ഗാന്ധിജയന്തി സന്ദേശം നല്‍കി.മുഹമ്മദ് റാഫി നന്ദി അറിയിച്ചു.