അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ക്ക് ഇന്ന് പെസഹ; ദേവാലയങ്ങളില്‍ വൈകിട്ട് തിരുവത്താഴ ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷയും
അന്ത്യത്താഴ സ്മരണയില്‍ ഇന്ന് പെസഹ
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്‍ തന്റെ 12 ശിഷ്യന്മാരുടെ കാല്‍ കഴുകി അവര്‍ക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മദിനം കൂടിയാണ് പെസഹായായി ആചരിക്കുന്നത്. ദേവാലയങ്ങളില്‍ വ്യാഴാഴ്ച വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷാച്ചടങ്ങും ഉണ്ടായിരിക്കും.
അന്ത്യത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ വൈകിട്ട് പെസഹാ അപ്പം മുറിക്കും. കുരിശുമരണം വരിക്കുന്നതിനുമുന്‍പ് യേശു ശിഷ്യന്മാരുടെ കാല്‍ കഴുകി ചുംബിച്ചു വിനയത്തിന്റെ മാതൃക നല്‍കിയതിന്റെ ഓര്‍മ പുതുക്കലാണു കാല്‍കഴുകല്‍ ശുശ്രൂഷ. എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന കാല്‍ കഴുകയില്‍ ശുശ്രൂഷയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ശേഷവും വിവിധ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും കുര്‍ബാനയുമുണ്ടാകും.
'കടന്നുപോകല്‍' എന്നാണ് പെസഹ എന്ന വാക്കിനര്‍ഥം. യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുകരിച്ച് എല്ലാ ദേവാലയങ്ങളിലും പുരോഹിതര്‍ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദം കഴുകുന്ന ശുശ്രൂഷയുണ്ടാകും. ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ. അന്‍പതുനോമ്പിലെ അവസാന ആഴ്ചയാണിത്.
ലത്തീന്‍, സിറോ മലബാര്‍, മലങ്കര കത്തോലിക്ക, ക്‌നാനായ സഭ, ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുടെ നേതൃത്വത്തില്‍ വിവിധ ദേവാലയങ്ങളില്‍ തിരുവത്താഴ ദിവ്യബലി, പൗരോഹിത്യ സ്ഥാപന അനുസ്മരണം, പാദക്ഷാളനം എന്നിവ നടത്തും. കാല്‍വരിക്കുന്നില്‍ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് 3-ന് ദുഃഖവെള്ളി ആചരിക്കും. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കുന്ന ശുശ്രൂഷകളാണ്. മൂന്നാംദിവസം യേശുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ (ഈസ്റ്റര്‍) ആഘോഷിക്കുന്നതോടെ വലിയ നോമ്പാചരണം സമാപിക്കും.
