42 കോടിയുടെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ്; നോര്‍ത്ത് കരോലിനയിലെ മുത്തശ്ശിക്ക് 5 വര്‍ഷം തടവ്

Update: 2026-02-02 10:42 GMT

ഫയെറ്റെവില്‍ (നോര്‍ത്ത് കരോലിന): നോര്‍ത്ത് കരോലിന സംസ്ഥാനത്തെ ഞെട്ടിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസില്‍ 60-കാരിയായ സിന്തിയ ഡെനീസ് മെല്‍വിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഏകദേശം 80 പേരെ 'വ്യാജ വിദ്യാര്‍ത്ഥികളായി' ഉപയോഗിച്ച് 5 മിലിയന്‍ ഡോളറിലധികം (ഏകദേശം 42 കോടി രൂപ) തട്ടിയെടുത്തു എന്നതാണ് കേസ്.

വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് വെയ്ക്ക് ടെക്, കേപ്പ് ഫിയര്‍ കമ്മ്യൂണിറ്റി കോളേജ് തുടങ്ങി വിവിധ കോളേജുകളില്‍ ഫെഡറല്‍ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചു.പണം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് പകരം ഇവര്‍ ഓണ്‍ലൈനായി ക്ലാസുകളില്‍ ഹാജരാവുകയും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.ആകെ 5 മിലിയന്‍ ഡോളര്‍ അനുവദിച്ചതില്‍ 3.5 മിലിയന്‍ ഡോളറിലധികം ഇവര്‍ കൈപ്പറ്റി.

സിന്തിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിദ്യാര്‍ത്ഥികളുടെ ബാങ്ക് വിവരങ്ങളും പാസ്വേഡുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

60 മാസത്തെ തടവ് ശിക്ഷയ്ക്ക് പുറമെ, തട്ടിയെടുത്ത 3,641,473 ഡോളര്‍ (ഏകദേശം 30 കോടിയിലധികം രൂപ) പിഴയായി തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു. പേരക്കുട്ടികള്‍ക്ക് മാതൃകയാകേണ്ട പ്രായത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. 2025 ഫെബ്രുവരിയിലാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്


Similar News