പട്ന: അയൽ ഗ്രാമത്തിലുള്ള കാമുകനെ കാണാൻ നാട്ടുകാരെ ഇരുട്ടിലാക്കിയ യുവതിക്ക് ഒടുവിൽ മനം പോലെ മാംഗല്യം. നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതി ബന്ധം സ്ഥിരമായി വിച്ഛേദിച്ചിരുന്ന യുവതിയെയും കാമുകനെയും നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. ആദ്യം കുറച്ച് എതിർപ്പും തർക്കവും ഉണ്ടായെങ്കിലും ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്താണ് നാട്ടുകാർ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടത്. ബിഹാറിലെ ബേതിയ സ്വദേശി പ്രീതിയും ആൺസുഹൃത്തായ രാജ് കുമാറും തമ്മിലുള്ള വിവാഹമാണ് നാട്ടുകാർ ചേർന്ന് നടത്തിയത്.

പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ ഇരുട്ടിക്കഴിഞ്ഞാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. ആ സമയത്തൊക്കെ പ്രീതി ഗ്രാമത്തിലെ വൈദ്യുതിബന്ധം ഒന്നാകെ വിച്ഛേദിക്കും. കറന്റ് പോകുന്നത് പതിവാകുകയും ഇടവേളകൾ കുറയുകയും ചെയ്തതോടെ നാട്ടുകാർക്ക് സംശയമായി. ഒടുവിൽ അവരൊത്തുചേർന്ന് കാരണം കണ്ടെത്തുകയും പ്രീതിയുടേയും രാജ്കുമാറിന്റേയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.

എല്ലാദിവസവും കറന്റ് പോകാൻ തുടങ്ങിയതോടെ പ്രദേശത്ത് മോഷണസംഭവങ്ങളും വർധിച്ചു. ഗതികെട്ടതോടെ വൈദ്യുതിവകുപ്പിലും നാട്ടുകാർ പലതവണ പരാതി നൽകി. പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചു. തൊട്ടടുത്ത തവണ കറന്റ് പോയതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രീതിയേയും രാജ്കുമാറിനേയും പിടികൂടി.

ചോദ്യം ചെയ്തതോടെ പ്രീതി കുറ്റമേറ്റുപറഞ്ഞു. നാട്ടുകാർ രാജ്കുമാറിനെ നന്നായിട്ടൊന്ന് പെരുമാറി. തുടർന്ന് യുവാവ് തന്റെ സുഹൃത്തുക്കളുടെ സംഘവുമായെത്തി നാട്ടുകാരെ തിരിച്ചടിച്ചു. രാജ്കുമാറിനെ നാട്ടുകാർ മർദിക്കുന്നതും പ്രീതി നാട്ടുകാരെ എതിർക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

ഒടുവിൽ രണ്ട് നാട്ടുകാരും ഒത്തുതീർപ്പിലെത്തി. ഇരുകൂട്ടരും മുൻകയ്യെടുത്ത് പ്രീതിയുടേയും രാജ്കുമാറിന്റേയും വിവാഹം നടത്താമെന്ന ധാരണയിലെത്തി. അങ്ങനെ നാട്ടിലെ ഒരു ക്ഷേത്രത്തിൽവെച്ച് ഇരുവരുടേയും വിവാഹം നാട്ടുകാർ നടത്തി.