ന്യൂഡൽഹി: വാക്കുതർക്കത്തിനിടെ അയൽക്കാരൻ നായയെ അഴിച്ചുവിട്ട് അക്രമിച്ചെന്ന പരാതിയുമായി യുവതി. അയൽവാസി പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെ അഴിച്ചുവിട്ട് അക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഡൽഹിയിലെ സ്വരൂപ് നഗർ സ്വദേശി റിയാ ദേവിയെയാണ് നായ ആക്രമിച്ചത്. കൈയിലും കാലിലും ഉൾപ്പെടെ അഞ്ചുതവണ നായയുടെ കടിയേറ്റെന്ന് റിയാദേവിയുടെ പരാതിയിൽ പറയുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരാതിയെ തുടർന്ന് നായയുടെ ഉടമയായ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. നായ തന്റെ വീടിന് മുന്നിൽ പതിവായി മലമൂത്രവിസർജനം നടത്തുന്നത് റിയാദേവി ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണം.

വീട്ടിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് നായ വീടിന് മുന്നിൽ മലമൂത്രവിസർജനം നടത്തുന്നത് കണ്ടത്. ഇത് കണ്ട റിയാ ദേവി അയൽക്കാരനെ ചോദ്യംചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെയാണ് അയൽക്കാരൻ നായയെ കെട്ടഴിച്ചുവിട്ട് യുവതിയെ ആക്രമിച്ചത്.