കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. കണ്ണൂരില്‍ പെട്രോള്‍ പമ്പിന്റെ എന്‍ഒസിയ്ക്കായി കൈക്കൂലി നല്‍കിയെന്ന് സമ്മതിക്കുകയാണ് ടി വി പ്രശാന്തന്‍. സിപിഎം കുടുംബത്തിലെ അംഗമാണ് പ്രശാന്തനും. എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ ബന്ധുവാണ് പ്രശാന്തനെന്നാണ് റിപ്പോര്‍ട്ട്. ബിജു കണ്ടക്കൈയുടെ അനുജന്‍ രതീഷ് കണ്ടക്കൈ മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയാ ടീമിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരാതിയില്‍ അസ്വാഭാവികത ഏറെയാണ്. ഒരു ലക്ഷം കൈക്കൂലി കൊടുത്തുവെന്നാണ് ആരോപണം. നിയമ പ്രകാരം അത് കൊടുത്തത് തെറ്റാണ്. ഇങ്ങനെ വെളിപ്പെടുത്തല്‍ വന്ന സ്ഥിതിയ്ക്ക് പ്രശാന്തിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം പോലീസിനു മുന്നിലുണ്ട്. കൈക്കൂലി ചോദിച്ച സാഹചര്യത്തില്‍ അക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു പ്രശാന്ത് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ കൈക്കൂലി വാങ്ങുന്ന ആളിനെ പിടിക്കാന്‍ സംവിധാനമുണ്ട്. ഇതൊന്നും പ്രശാന്തന്‍ ചെയ്തില്ല. അതുകൊണ്ട് തന്നെ നവീന്‍ ബാബുവിനെതിരെ ഉയരുന്ന ആരോപണം വ്യാജമാണെന്ന സംശയവും ശക്തമാണ്.

കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ടിവി പ്രശാന്തന്‍ എത്തിയിരുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് നവീന്‍ ബാബുവിനെതിരെ ഉന്നയിക്കപ്പെട്ടത്. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നവീന്‍ ബാബുവിനെ കണ്ടിരുന്നതായി സംരംഭകനായ ടി വി പ്രശാന്തന്‍ പ്രതികരിച്ചു. പല കാരണങ്ങളും പറഞ്ഞ് നവീന്‍ ബാബു അനുമതി വൈകിപ്പിച്ചു. ആറാം തീയതി വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും നിര്‍വാഹമില്ലാതെ കുറച്ചു പൈസ നല്‍കിയെന്നും പ്രശാന്തന്‍ പറയുന്നു. ഇക്കാര്യം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയോട് പറഞ്ഞതായും പ്രശാന്തന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് വാട്ട്‌സ് ആപ്പ് മുഖേന പരാതി അയച്ചെന്നും പ്രശാന്തന്‍ പ്രതികരിച്ചു. ഈ പരാതി എന്നാണ് അയച്ചതെന്നതാണ് ഇനി അറിയേണ്ടത്. ഇക്കാര്യം പ്രശാന്തന്‍ പറയുന്നില്ല. വാട്‌സാപ്പ് വഴി ആതു കൊണ്ട് തന്നെ ദിവസമെല്ലാം സാങ്കേതികമായി കണ്ടെത്താനാകും. മരണ ശേഷമാണ് പരാതി അയച്ചതെങ്കില്‍ അതും വിവാദങ്ങള്‍ക്ക് പുതിയ മാനം നല്‍കും.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനില്‍ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതിനിടെ നവീന്‍ ബാബുവിനെതിരെ പരാതി ഒന്നും കിട്ടിയില്ലെന്ന് റവന്യൂമന്ത്രി രാജന്‍ പറയുന്നു. ഇതോടെ പ്രശാന്തിന്റെ പരാതിയിലും സംശയം തുടങ്ങുകയാണ്. ഏത് ദിവസാണ് മുഖ്യമന്ത്രിക്ക് വാട്‌സാപ്പില്‍ പരാതി നല്‍കിയതെന്ന് വേണം ഇനി കണ്ടെത്തേണ്ടത്. ഉന്നത പാര്‍ട്ടി ബന്ധമുണ്ടായിട്ടും വിജിലന്‍സിനെ സമീപിക്കാതെ കൈക്കൂലി നല്‍കാന്‍ പോയെന്ന വാക്കുകളും അവിശ്വസനീയമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ കൈക്കൂലി കൊടുത്തുവെന്ന വെളിപ്പെടുത്തല്‍ കേസിന് വഴിയൊരുക്കുന്ന വസ്തുതയാണ്. അതുണ്ടായാല്‍ ഇനി അറസ്റ്റു ചെയ്യേണ്ടത് പ്രശാന്തിനെയാണെന്നതാണ് വിരോധാഭാസം.


സംഭവത്തെക്കുറിച്ച് പ്രശാന്തന്റെ വെളിപ്പെടുത്തലിങ്ങനെ.

''ഞാന്‍ 6 മാസമായിട്ട് എന്‍ഒസിക്ക് വേണ്ടിയിട്ട് ഇവിടെ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം വെച്ച് എല്ലാ ആഴ്ചയും ഞാന്‍ എഡിഎമ്മിനെ കാണാന്‍ പോകുമായിരുന്നു. അപ്പോഴൊക്കെ ഫയല്‍ പഠിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടിരിക്കും. 3 മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, സാറിനത് തരാന്‍ പറ്റില്ലെങ്കില്‍ സാറത് ക്യാന്‍സല്‍ ചെയ്‌തോളൂ. അല്ലെങ്കില്‍ തരാന്‍ പറ്റില്ലെന്ന് എഴുതിക്കോളൂ. ബാക്കി ഞാന്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. അപ്പോഴും പറഞ്ഞത് ഞാനിത് പഠിക്കട്ടെ, നോക്കട്ടെ എന്നാണ്. കഴിഞ്ഞ 5ാം തീയതി വൈകുന്നേരം ഞാനവിടെ പോയ സമയത്ത് എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. വാങ്ങി, ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് എന്നെ വിളിച്ചിട്ട് പറഞ്ഞു.

കണ്ണൂരേക്ക് വരണമെന്ന്. കൃഷ്ണമേനോന്‍ കോളേജിന്റെ അടുത്തേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞു. അവിടെയെത്തി ഞാന്‍ വീണ്ടും വിളിച്ചു. അപ്പോള്‍ റോഡിലേക്ക് വരാന്ന് പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കൂടി വീട്ടിലേക്ക് പോയി. വീട്ടില്‍വെച്ച് എന്നോട് ഒരു ലക്ഷം രൂപ തന്നാല്‍ മാത്രമേ ഇത് കിട്ടുകയുള്ളൂ എന്നും ഇല്ലെങ്കില്‍ ഇത് എന്നെന്നേയ്ക്കുമായി ക്യാന്‍സലാകും എന്നും പറഞ്ഞു. അത് ചെയ്തിട്ടേ ഞാന്‍ പോകുകയുള്ളൂ എന്നും പറഞ്ഞു. എനിക്ക് വേറെ നിര്‍വാഹമില്ലാത്തത് കൊണ്ട് ഞാന്‍ എവിടുന്നൊക്കെയോ പൈസ അഡ്ജസ്റ്റ് ചെയ്തു. ക്യാഷ് ആയിട്ടേ വാങ്ങുകയുള്ളൂ എന്നും പറഞ്ഞു. ജിപേയോ ബാങ്ക് ട്രാന്‍സ്ഫറോ പറ്റില്ലെന്നും പറഞ്ഞു. പൈസ അഡ്ജസ്റ്റ് ചെയ്ത് കുറച്ചു പൈസ കൊടുത്തു. അതിന് ശേഷം അദ്ദേഹം പറഞ്ഞു,

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വന്നോളൂ, റെഡിയാക്കി വെക്കാം. ചൊവ്വാഴ്ച തന്നെ എനിക്ക് എന്‍ഒസി കിട്ടി. ഞാനിതിനെക്കുറിച്ച് പിപി ദിവ്യയോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാന്‍ ദിവ്യയോട് പറഞ്ഞു, എന്‍ഒസി തന്നു, പക്ഷേ അതിനൊപ്പം കാഷ് തന്നില്ലെങ്കില്‍ നടക്കില്ലെന്ന് പറഞ്ഞു. കാശ് വാങ്ങിയെന്ന് പറഞ്ഞു. ദിവ്യ എന്നോട് മുഖ്യമന്ത്രിക്ക് കംപ്ലെയിന്റ് കൊടുക്കാന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി എഴുതി വാട്ട്‌സ്ആപ്പ് ചെയ്യുകയാണ് ചെയ്തത്.'' ടി വി പ്രശാന്തന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പരാതിക്കാരനായ ടി വി പ്രശാന്തന്‍ സിപിഎം പാര്‍ട്ടി അംഗമാണ്. കൂടാതെ എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ ബന്ധുവാണ്. കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥനും ബന്ധുവാണ്.