എരുമേലി: സിസിടിവി ദൃശ്യങ്ങൾ പൊലീസിന് അനുഗ്രഹമാകാറുണ്ടെങ്കിലും ചിലപ്പോൾ കൊടുക്കുന്നത് നല്ല മുട്ടൻ പണിയാകും. അത്തരത്തിൽ ഒരു സംഭവമാണ് എരുമേലി പൊലീസ് സ്റ്റേഷനിലേത്. സിസിടിവി ചിത്രത്തിലെ അവ്യക്തത കാരണം പൊലീസിന് കള്ളനെ നഷ്്ടപ്പെട്ടത് കൈയെത്തും ദൂരത്ത് എരുമേലിയിലെ വാഹന സർവ്വീസ് സെന്ററിന്റെ മുന്നിൽ പൊലീസ് ജീപ്പ് വന്ന് നിന്നു.

പുറത്തിറങ്ങിയ പൊലീസുദ്യോഗസ്ഥൻ കൈയിലൊരു ഫോട്ടൊയുമായി സർവ്വീസ് സെന്ററിൽ തന്റെ മുന്നിൽ കണ്ട ജീവനക്കാരനോട് ചോദിച്ചു ഈ ഫോട്ടോയിൽ കാണുന്ന ആൾ ഇവിടെ ഉണ്ടോ.ആദ്യം ഒന്നും സംശയിച്ചെങ്കിലും ഒട്ടും പതറാതെ മറുപടി വന്നു അയ്യോ ഇല്ലലോ സാറെ.. ഒരു തവണയല്ല മൂന്നു തവ സർവ്വീസ് സെന്ററിൽ വന്ന് ചോദിച്ചെങ്കിലും പൊലീസിന് ലഭിച്ചത് ഒരേ മറുപടി.

സംശയം തോന്നിയ പൊലീസ് കൂടുതൽ അറിയാനായി ഉടമയെ വിളിച്ചപ്പോഴാണ് തങ്ങൾ അന്വേഷിക്കുന്ന ആളോട് തന്നെയാണ് ഇത്രയും ദിവസം തങ്ങൾ സംസാരിച്ചതെന്ന സത്യം പൊലീസിന് മനസിലായത്.ഉടനെ പ്രതിയെ പിടിക്കാനായി പൊലീസ് എത്തിയെങ്കിലും വിവരമറിഞ്ഞ പ്രതി അവിടെ നിന്ന് ശരിക്കും മുങ്ങി.പൊലീസിന് ലഭിച്ചതാകട്ടെ തൊണ്ടി മുതൽ മാത്രം.ചിത്രത്തിലെ അവ്യക്തതയാണ് പൊലീസിന് തിരിച്ചടിയായത്.

സംഭവം ഇങ്ങനെ എരുമേലി കനകപ്പലത്ത് വീട്ടിൽനിന്ന് ഐഫോണും ചാർജറും മോഷ്ടിച്ചയാളെക്കുറിച്ചു വീട്ടുടമ പൊലീസിൽ വിവരമറിയിച്ചു. സിസിടിവി ദൃശ്യം സഹിതമാണു പരാതി നൽകിയത്. പ്രതി എരുമേലിയിലെ വാഹന സർവീസ് സ്റ്റേഷനിലെ തൊഴിലാളിയാണെന്നു മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി. പ്രതിയുടെ ഫോട്ടോ പ്രതിയെത്തന്നെ കാണിച്ചിട്ട് 'ഇയാൾ ഇവിടെയുണ്ടോ' എന്നു ചോദിച്ചു. 'ഇല്ലല്ലോ സാറേ' എന്നു കള്ളൻ മറുപടിയും നൽകി. പ്രതിയുടെ പടവുമായി പിന്നീടു 2 തവണ കൂടി പൊലീസ് എത്തിയെങ്കിലും ഇയാൾ പതിവുപല്ലവി ആവർത്തിച്ചു.

ചിത്രത്തിലെ അവ്യക്തത കള്ളനു താൽക്കാലിക രക്ഷയായെങ്കിലും സർവീസ് സ്റ്റേഷൻ ഉടമയെ വിളിച്ചു വീണ്ടുമന്വേഷിച്ചു. കള്ളൻ കപ്പലിൽത്തന്നെയെന്ന് ഉടമ വിവരം നൽകിയതോടെ പൊലീസ് പാഞ്ഞെത്തി. ആ ഒന്നൊന്നര വരവു കണ്ടതോടെ പന്തികേടു തോന്നിയ കള്ളൻ ഓടി മറഞ്ഞു. മോഷണം പോയ ഫോൺ കടയിൽ ഊരിവച്ച ഇയാളുടെ ഷർട്ടു പരിശോധിച്ചപ്പോൾ പൊലീസിനു കിട്ടി.