ചരിത്ര പൈതൃകം സംരക്ഷിച്ച് പുതുമയോടെ മനാമ മുനിസിപ്പാലിറ്റി കെട്ടിടം ; നവീകരിച്ച മുനിസിപ്പാലിറ്റി കെട്ടിടം ബഹ്റൈന്‍ കിരീടാവകാശി ഉദ്ഘാടനം ചെയ്തു

Update: 2025-12-16 14:32 GMT

മനാമ : നവീകരിച്ച മനാമ മുനിസിപ്പാലിറ്റി കെട്ടിടം ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഇന്ന് ഉദ്ഘാടനം ചെയ്തു.

ബഹ്‌റൈന്റെ ചരിത്ര-സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്ന തിന്റെ ഭാഗമായി, മനാമ സൂഖിന്റെ ചരിത്രപ്രാധാന്യ മേഖല വികസിപ്പിക്കുന്നതിനും നഗരത്തിന്റെ സാംസ്‌കാരിക പൈതൃക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുമായി ബഹ്റൈന്‍ രാജാവ് നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടനം നടന്നത്.

ഈ കെട്ടിടം 1962-ല്‍ ആദ്യമായി ഉദ്ഘാടനം ചെയ്തിരുന്നു.പരേതനായ ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് അന്ന് ഉദ്ഘാടന കര്‍മ്മം നിവ്വഹിച്ചത്. ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച കിരീടാവകാശി നൂറ്റാണ്ടിലേറെ നീളുന്ന ബഹ്‌റൈന്റെ മുനിസിപ്പല്‍ പ്രവര്‍ത്തന പരിചയം നഗരവികസനത്തെയും പൊതുസേവനങ്ങളെയും ശക്തിപ്പെടുത്തിയതായി വ്യക്തമാക്കി.

1919-ല്‍ ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫയുടെ ഭരണകാലത്ത് സ്ഥാപിതമായ മനാമ മുനിസിപ്പാലിറ്റി, മേഖലയിലെ ആദ്യ മുനിസിപ്പാലിറ്റികളിലൊന്നാണ്. തലസ്ഥാനത്തിന്റെ കാര്യനിര്‍വ്വഹണത്തിലും വികസനത്തിലും നിര്‍ണായക പങ്ക് വഹിച്ച സ്ഥാപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News