ചെന്നൈയില്‍ ഒസാക് വാര്‍ഷിക സമ്മേളനം; യു.എസ്. കോണ്‍സുല്‍ ജനറലും തമിഴ്നാട് ഐ.ടി. മന്ത്രിയും ചേര്‍ന്ന് ഉത്ഘാടനം നിര്‍വ്വഹിച്ചു

Update: 2024-10-25 11:43 GMT

ചെന്നൈ, ഒക്ടോബര്‍ 25: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവണ്‍മെന്റും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. സ്വകാര്യ കമ്പനികളിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണം പരിപോഷിക്കാന്‍ ചെന്നൈയില്‍ നടന്ന ഓവര്‍സീസ് സെക്യൂരിറ്റി അഡൈ്വസറി കൌണ്‍സില്‍ (ഒസാക്) ഇന്ത്യ വാര്‍ഷിക പൊതുസമ്മേളനം യു.എസ്. കോണ്‍സുല്‍ ജനറല്‍ ക്രിസ് ഹോഡ്ജസും തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി.)-ഡിജിറ്റല്‍ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജനും ചേര്‍ന്ന് ഒക്ടോബര്‍ 24 വ്യാഴാഴ്ച ഉത്ഘാടനം ചെയ്തു.

പൊതു-സ്വകാര്യമേഖല ബന്ധം വളര്‍ത്താന്‍ യു.എസ്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റേറ്റ് വക ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസും (ഡി.എസ്.എസ്.) അമേരിക്കയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന യു.എസ്. സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടായ്മയാണ് ഒസാക്. ഇതിലെ അംഗങ്ങള്‍ ഒന്നുചേര്‍ന്ന് സമയബന്ധിതമായി സുരക്ഷാ വിവരങ്ങള്‍ കൈമാറുകയും അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ യു.എസ്. താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ശക്തമായ ബന്ധങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്നു.

ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറലും ഇന്ത്യയിലങ്ങോളമുള്ള നയതന്ത്ര, കോര്‍പറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അമേരിക്കന്‍, ഇന്ത്യന്‍ സ്വകാര്യമേഖല പങ്കാളികളുമായി ചേര്‍ന്ന് പരിശീലനം, തുടര്‍ന്നുള്ള ചര്‍ച്ചകള്‍, പൊതുപരിപാടികള്‍, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍, വിശകലനങ്ങള്‍ എന്നീ കാര്യങ്ങളില്‍ സഹകരിക്കാന്‍ ഈ സമ്മേളനം ഉപയോഗിച്ചു.

ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയത്തിലെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി റീജിയണല്‍ സെക്യൂരിറ്റി ഓഫീസര്‍ സ്‌കോട്ട് ഷോണര്‍ പറഞ്ഞു, ''സുരക്ഷാ സ്‌പെഷ്യലിസ്റ്റുകള്‍, പങ്കാളികള്‍ എന്ന നിലക്ക് ഇന്ത്യയിലെ സ്വകാര്യമേഖലയിലെ പ്രതിനിധികളുമായുള്ള ബന്ധങ്ങളിലൂടെ വിശ്വാസ്യത പടുത്തുയര്‍ത്തുന്നത് ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഈ ഇന്ത്യന്‍ പ്രതിനിധികള്‍ ലിംഗസമത്വ മാതൃക പിന്തുടരുന്നവരും ഭീഷണികള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്‍കൂട്ടി കാണുന്നവരുമാണ്.''

തമിഴ്നാട് ഐ.ടി. മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു, ''ഈ ചരിത്രപ്രധാനമായ സമ്മേളനം ചെന്നൈയില്‍ നടക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഡിവേഴ്‌സിറ്റി (വൈവിധ്യം), ഇക്വിറ്റി (സമത്വം), ഇന്‍ക്ലൂഷന്‍ (ഉള്‍പ്പെടുത്തല്‍), അക്‌സസ്സിബിലിറ്റി (പ്രാപ്യത) [ഡി.ഇ.ഐ.എ.] എന്നത് തമിഴ്നാടിന്റെ ഡി.എന്‍.എ.-യിലുള്ളതാണ്. ഒസാക് ഇതേ പാത പിന്തുടരുന്നത് കാണുന്നത് വളരെ സന്തോഷം പകരുന്നു. ഇന്നിവിടെ നടക്കുന്ന ഈ സമ്മേളനത്തിന്റെ വലിപ്പം യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ പ്രതിഫലനമാണ് - വാണിജ്യപരമായും തന്ത്രപ്രധാനപരമായും. കൃത്യലക്ഷ്യമുള്ള ഭീഷണികളുടെ ഈ കാലത്ത് സ്വയരക്ഷക്കായി നമുക്ക് മുന്നേറി ചിന്തിച്ചും അനുദിനം പഠിച്ചും നീങ്ങേണ്ടതുണ്ട്. പൊതു-സ്വകാര്യമേഖല കൂട്ടുകെട്ടിന്റെ മികച്ച ഒരുദാഹരണമാണ് ഒസാക്.''

യു.എസ്. എംബസി ന്യൂഡല്‍ഹിയിലെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സീനിയര്‍ റീജിയണല്‍ സെക്യൂരിറ്റി ഓഫീസര്‍ ക്രിസ്റ്റഫര്‍ ഗില്ലിസ് പറഞ്ഞു, ''ഇന്നത്തെ ഈ സമ്മേളനം സുരക്ഷിതമായ പ്രവര്‍ത്തനാന്തരീക്ഷം ഉറപ്പാക്കാന്‍ യു.എസ്. ഗവണ്‍മെന്റും സ്വകാര്യമേഖലയും തമ്മിലുള്ള ബന്ധത്തിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.''

ഒസാക് ഇന്ത്യ - ചെന്നൈ ചാപ്റ്റര്‍ പ്രൈവറ്റ് കോ-ചെയര്‍ ജോണ്‍ പോള്‍ മാണിക്കം പറഞ്ഞു, ''ഇന്ത്യയിലെ ഒസാക് ചാപ്റ്ററുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന യു.എസ്. സ്വകാര്യ കമ്പനികളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മികച്ച രീതികളും സഹപ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നു.''

ഒസാക് ഇന്ത്യ - ചെന്നൈ ചാപ്റ്റര്‍: സ്‌കോട്ട് ഷോണര്‍, ജോണ്‍ പോള്‍ മാണിക്കം എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ഒസാക് ഇന്ത്യ ചെന്നൈ ചാപ്റ്റര്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ചാപ്റ്ററുകളിലൊന്നാണ്.

ഒസാക് ഇന്ത്യ - ബെംഗളൂരു ചാപ്റ്റര്‍: സ്‌കോട്ട് ഷോണര്‍, ഡെല്‍ ടെക്‌നോളജീസ് റീജിയണല്‍ സെക്യൂരിറ്റി ലീഡ് അനുഭവ് മിശ്ര എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ഒസാക് ഇന്ത്യ ബെംഗളൂരു ചാപ്റ്റര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ശ്രുംഖലകളിലൊന്നാണ്.

Tags:    

Similar News