ചെന്നൈ, ജൂൺ 13: ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നയതന്ത്ര മിഷന്റെ ഭാഗമായ കോൺസുലർ ടീം തങ്ങളുടെ എട്ടാമത്തെ വാർഷിക സ്റ്റുഡന്റ് വിസാ ദിനമായ ജൂൺ 13 വ്യാഴാഴ്‌ച്ച ഇന്ത്യയിലെ 3,900 വിദ്യാർത്ഥി വിസ അപേക്ഷകരുടെ അഭിമുഖം നടത്തി. സ്റ്റുഡന്റ് വിസ ദിനത്തിൽ വിപുലമായ രീതിയിൽ പരിപാടികൾ നടത്തുന്നതിലൂടെ ഇന്ത്യയിലെ യു.എസ്. നയതന്ത്ര മിഷൻ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തോടും അമേരിക്കയും ഇന്ത്യയും തമ്മിൽ വിദ്യാഭാസ മേഖലയിൽ അനുദിനം വളർന്ന് വരുന്ന ബന്ധത്തോടുമുള്ള ശക്തമായ പ്രതിബദ്ധതയാണ് എടുത്തുകാട്ടുന്നത്. യു.എസ്. മിഷൻ ഇന്ത്യ, യു.എസ്. ഡിപ്പാർട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആഗോളതലത്തിൽ നടത്തുന്ന ഉപദേശക ശ്രുംഖലയായ എജ്യുക്കേഷൻ യു.എസ്.എ. പ്രതിനിധികൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പഠനം സംബന്ധിച്ച വിവരങ്ങൾ ഈ സ്റ്റുഡന്റ് വിസാ ദിനത്തിൽ അപേക്ഷകരുമായി പങ്കുവച്ചു.

എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു: "അമേരിക്കൻ കാമ്പസുകളിലെ ഓരോ അന്താരാഷ്ട്ര വിദ്യാർത്ഥിയും മഹത്തായ നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു - അക്കാദമിക മികവിലേക്കുള്ള തയ്യാറെടുപ്പിനായി അവർ നടത്തിയ വർഷങ്ങളുടെ പഠനവും കഠിനാധ്വാനവും. കടന്നു പോയവരെപ്പോലെ തന്നെ, ഇന്നത്തെ ഇന്ത്യൻ വിദ്യാർത്ഥികളും വമ്പൻ സാധ്യതകളെയാണ് പ്രതിനിധീകരിക്കുന്നത് - നിങ്ങൾ നേടുവാൻ പോകുന്ന വിജ്ഞാനം, നിങ്ങൾ അനുഭവിച്ചറിയുവാൻ പോകുന്ന പുതിയ കഴിവുകളും അവസരങ്ങളും, നിങ്ങൾ കെട്ടിപ്പടുക്കുന്ന ബന്ധങ്ങൾ എന്നിവയെല്ലാം നിങ്ങൾ നടത്തിയ നിക്ഷേപത്തിന് തക്കതായ മൂല്യം തിരിച്ച് നൽകുന്നു. ഓരോ വിദ്യാർത്ഥിയും ഇന്ത്യയുടെ അംബാസഡർമാരാണ്. നമ്മൾ ഒന്നായി യു.എസ്.-ഇന്ത്യ ബന്ധം മുന്നോട്ട് കൊണ്ടുപോകുകയാണ്."

ഇന്ത്യയിലെ യു.എസ്. മിനിസ്റ്റർ-കൗൺസിലർ ഫോർ കോൺസുലർ അഫയേഴ്സ് റസ്സൽ ബ്രൗൺ പറഞ്ഞു: "ഇന്ത്യൻ വിദ്യാർത്ഥികൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഗ്രൂപ്പായി മാറാൻ ഒരുങ്ങുന്ന ഈ വർഷം, സ്റ്റുഡന്റ് വിസ ദിനത്തിലും ഈ വിദ്യാർത്ഥി സീസണുടനീളവും ഇന്ത്യയിലെ വിദ്യാർത്ഥി വിസ അപേക്ഷകരെ സ്വാഗതം ചെയ്യുന്നതിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഞങ്ങളുടെ എജ്യുക്കേഷൻ യു.എസ്.എ. സഹപ്രവർത്തകരും ഏറെ ആവേശഭരിതരാണ്."

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പഠനത്തിനായി അമേരിക്ക തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. 2018, 2019, 2020 വർഷങ്ങളിൽ മൊത്തം അനുവദിച്ചതിനേക്കാൾ കൂടുതൽ സ്റ്റുഡന്റ് വിസകൾ 2023-ൽ ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നയതന്ത്ര മിഷൻ അനുവദിച്ചിട്ടുണ്ട്. ഈ അഭൂതപൂർവമായ വളർച്ച പ്രതിഫലിപ്പിക്കുന്നത് ഇന്ത്യയിലെ യു.എസ്. നയതന്ത്ര മിഷൻ വിദ്യാർത്ഥി അപേക്ഷകർക്കും അവരുടെ യാത്ര സുഗമമാക്കുന്നതിനും നൽകുന്ന മുൻഗണനയാണ്. 2021-നും 2023-നും ഇടയിൽ മറ്റെല്ലാ യു.എസ്. വിസകൾക്കുമുള്ള ആവശ്യകതയിൽ വന്ന 400 ശതമാനം വർദ്ധനവിനൊത്ത് നടപടികൾ സ്വീകരിച്ചപ്പോഴും ഇന്ത്യയിലെ യു.എസ്. നയതന്ത്ര മിഷൻ വിദ്യാർത്ഥികളെ മുൻഗണനയിൽ തന്നെ നിർത്തി.

ഇന്ത്യയിലെ യു.എസ്. എംബസിയും കോൺസുലേറ്റുകളും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥി വിസ അപേക്ഷകരുടെ എണ്ണത്തിൽ തുടർച്ചയായുള്ള വർദ്ധനവ് മുൻകൂട്ടി കാണുന്നു. ഈ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി 2024-ലെ വിദ്യാർത്ഥി വിസ സീസൺ ഇന്ത്യയിലെ എല്ലാ കാര്യാലയങ്ങളിലും വിപുലീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒന്നാം നമ്പർ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടരുകയാണ്. മറ്റേതൊരു ലക്ഷ്യസ്ഥാനത്തേക്കാളും യു.എസ്. വിദ്യാഭ്യാസമാണ് ഇഷ്ടപ്പെടുന്നതെന്ന് 69 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളും പറയുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അന്തർദ്ദേശീയ ബിരുദ വിദ്യാർത്ഥികളിലെ ഏറ്റവും വലിയ ഗ്രൂപ്പ്. ഈ വിദ്യാർത്ഥികൾ മൂല്യവത്തായ യഥാർത്ഥ ലോക അനുഭവം നേടുകയും തൊഴിലധിഷ്ഠിത യു.എസ്. വിസകൾ സ്വീകരിക്കുകയോ അല്ലെങ്കിൽ ഇന്ത്യയിൽ അവരവരുടെ മേഖലകളിൽ മുൻനിരക്കാരാവുകയോ ചെയ്യുന്നു. ഇത്തരത്തിൽ യു.എസ്. വിദ്യാഭ്യാസത്തിന്റെ ആജീവനാന്ത നേട്ടം അവർ പ്രതിഫലിപ്പിക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് bit.ly/EdUSAindiaPDO24 എന്ന ലിങ്ക് സന്ദർശിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഔദ്യോഗിക വിവര സ്രോതസ്സായ എജ്യുക്കേഷൻ യു.എസ്.എ. നടത്തുന്ന ഒരു മുന്നൊരുക്ക ക്ലാസ്സിൽ [പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ-PDO] പങ്ക് ചേരുന്നതിലൂടെ യു.എസ്. വിദ്യാർത്ഥി വിസ പ്രക്രിയയെക്കുറിച്ച് മനസ്സിലാക്കാം.