'പ്രണയത്തിന്റെ പ്രതീകമല്ല താജ്മഹൽ, വംശഹത്യയുടെയും ക്രൂരതയുടെയും'; കേസെടുക്കണം, ആർക്കെതിരെ? ഷാജഹാനെതിരെയോ?; ദ് താജ് സ്റ്റോറി ട്രെയ്‌ലറിന് രൂക്ഷവിമർശനം

Update: 2025-10-17 07:35 GMT

മുംബൈ: താജ്മഹലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ദ് താജ് സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലറിന് രൂക്ഷ വിമർശനം. തുഷാർ അംരീഷ് ഗോയൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം പരേഷ് റാവലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണുദാസ് എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

താജ്മഹലിന്റെ ഇതുവരെ പറയാത്ത ചരിത്രം, താജ്മഹലിനെതിരെയുള്ള കേസ്, അതിൽ ഒളിഞ്ഞിരിക്കുന്ന ഇരുണ്ട സത്യങ്ങൾ എന്നിവയാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലറിലൂടെ വ്യക്തമാകുന്നത്. താജ്മഹൽ പ്രണയത്തിന്റെ പ്രതീകമല്ലെന്നും ക്രൂരതയുടെയും വംശഹത്യയുടെയും പ്രതീകമാണെന്നും ട്രെയിലറിൽ പറയുന്നുണ്ട്. താജ്മഹലിന്റെ ഗൈഡ് നിയമപോരാട്ടത്തിന് ഇറങ്ങുന്നതും, താജ്മഹൽ ഒരു ക്ഷേത്രമാണോ അതോ ശവകുടീരമാണോ എന്ന് ഒരു കഥാപാത്രം ചോദിക്കുന്നതും ട്രെയിലറിൽ കാണാം.

എന്നാൽ, ട്രെയിലറിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇത് ബോളിവുഡിന്റെ അടുത്ത പ്രൊപ്പഗണ്ട ചിത്രമാണോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. കന്നഡ, തെലുങ്ക് സിനിമകൾ ‘കാന്താര’, ‘ബാഹുബലി’ പോലുള്ള സിനിമകൾ നിർമ്മിക്കുമ്പോൾ ബോളിവുഡ് ‘കേരള സ്റ്റോറി’, ‘ദ് താജ് സ്റ്റോറി’ പോലുള്ള പ്രൊപ്പഗണ്ട സിനിമകളാണ് നിർമ്മിക്കുന്നതെന്ന് ചിലർ വിമർശിച്ചു.

ഇതിനിടെ, ട്രെയിലറിലെ അക്ഷരത്തെറ്റും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'Anti-National' എന്നതിന് പകരം 'Aunty National' എന്ന് ഒരു പോസ്റ്ററിൽ എഴുതിയത് ചർച്ചയായിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും വിവാദമായിരുന്നു. താജ്മഹലുമായി സാദൃശ്യമുള്ള കെട്ടിടത്തിന്റെ മിനാരത്തിനുള്ളിൽ നിന്ന് ശിവന്റെ വിഗ്രഹം ഉയർന്നു വരുന്ന ചിത്രമുള്ള പോസ്റ്ററാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അന്ന് വിശദീകരണവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയിരുന്നു.

ചിത്രം ഏതെങ്കിലും മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുകയോ താജ്മഹലിനുള്ളിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുകയോ ചെയ്യുന്നില്ലെന്നും പൂർണ്ണമായും ചരിത്രപരമായ വസ്തുതകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സുരേഷ് ഷായാണ് ചിത്രം നിർമ്മിക്കുന്നത്.

Tags:    

Similar News