'കൽക്കി 2' ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു; ആവേശം ജനിപ്പിച്ച് ലൊക്കേഷൻ ദൃശ്യങ്ങൾ; ഇന്ത്യൻ സിനിമയിലെ ഇതിഹാസ കോമ്പോയ്ക്കായി ആരാധകരുടെ കാത്തിരിപ്പ്

Update: 2026-02-24 15:01 GMT

ഹൈദരാബാദ്: നീണ്ട 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമൽ ഹാസനും വീണ്ടും ഒന്നിക്കുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എ.ഡി.'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായാണ് ഇരുവരും ഹൈദരാബാദിൽ ഒത്തുചേർന്നത്. സെറ്റിൽ നിന്നുള്ള ബിഹൈൻഡ് ദ സീൻസ് (ബിടിഎസ്) ചിത്രങ്ങൾ അമിതാഭ് ബച്ചൻ തന്റെ വ്ലോഗിലൂടെ പങ്കുവെച്ചതോടെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്.

ബോക്സ് ഓഫീസ് ഹിറ്റായിരുന്ന 'ഗെരാഫ്താർ' എന്ന ചിത്രത്തിനു ശേഷമാണ് ഈ മഹാരഥന്മാർ വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. "മഹാനായ കമൽ ഹാസനെ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു, കാലങ്ങൾക്കു ശേഷമാണ് ഞങ്ങൾ വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. അവസാനമായി ഒന്നിച്ചത് ഗെരാഫ്താറിലായിരുന്നു," അമിതാഭ് ബച്ചൻ തന്റെ വ്ലോഗിൽ കുറിച്ചു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം നിരൂപക പ്രശംസയും മികച്ച കളക്ഷനും നേടിയിരുന്നു.

ചിത്രത്തിന്റെ 35 ശതമാനം ആദ്യ ഭാ​ഗത്തിന്റെ ഷൂട്ടിന്റെ സമയത്ത് തന്നെ ചിത്രീകരിച്ചുവെന്നും ബാക്കി പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമാതാക്കൾ മുൻപ് അറിയിച്ചിരുന്നു. 2024 ജൂൺ 27 നാണ് കൽക്കി തിയറ്ററിൽ എത്തിയത്. 'ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചനെത്തുന്നത്. കമൽ ഹാസന്റെ മുഴുനീള പെർഫോമൻസ് രണ്ടാം ഭാ​ഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Tags:    

Similar News