സെൻസർ സർട്ടിഫിക്കറ്റ് വൈകി; ‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് നീട്ടിവച്ചു; ടൊവിനോ തോമസ് ചിത്രം വിഷുവിന്
കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് നീട്ടിവച്ചു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതോടെയാണ് റിലീസ് മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. ഏപ്രിൽ 10-ന് നിശ്ചയിച്ചിരുന്ന റിലീസ് പുതുക്കിയ തീയതി പ്രകാരം ഏപ്രിൽ 15 വിഷുദിനത്തിൽ തിയറ്ററുകളിലെത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട ഒരു അസാധാരണ ചട്ടമ്പിയുടെ കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. “കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മൺമറഞ്ഞുപോയ ഒരു അസാധാരണനായ ചട്ടമ്പിയുടെ കഥ പറയാൻ ഞങ്ങൾ എത്തുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സാങ്കേതിക തടസ്സം നേരിടുകയാണ്. അതിനാൽ സിനിമയുടെ റിലീസ് ഏപ്രിൽ 15 വിഷു ദിനത്തിലേക്ക് മാറ്റേണ്ടി വന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു”– അണിയറപ്രവർത്തകർ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
‘ജനഗണമന’യ്ക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പള്ളിച്ചട്ടമ്പി. പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രം 1950-60 കാലഘട്ടത്തിലെ കേരള പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. കയാദു ലോഹറാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും ബ്രിജീഷും ചേർന്നാണ് നിർമാണം.
സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും സഹനിർമാതാക്കളാണ്. ടി.എസ്. സുരേഷ് ബാബുവാണ് തിരക്കഥ. ടിജോ ടോമി ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. ടൊവിനോയുടെ വേറിട്ട ഗെറ്റപ്പുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.