നവാഗതരുടെ കരുത്തിൽ ബോക്സ് ഓഫീസ് തകർത്ത് 'വാഴ 2'; നാല് ദിവസം കൊണ്ട് 50 കോടി കടന്ന് കുതിപ്പ്; മികച്ച ബുക്കിംഗുമായി മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് 'ബില്യൺ ബ്രോസ്'

Update: 2026-04-06 12:46 GMT

കൊച്ചി: നവാഗതർ അണിനിരന്ന ഒരു കൊച്ചുചിത്രം മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ വിജയങ്ങളിലൊന്നായി മാറുന്നു. സവിൻ എസ്.എ. സംവിധാനം ചെയ്ത 'വാഴ 2 - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിക്കുകയാണ്. റിലീസ് ചെയ്ത് കേവലം നാല് ദിവസത്തിനുള്ളിൽ 59.9 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ വാരിക്കൂട്ടിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് നവാഗതരെ അണിനിരത്തി ഒരു പുതുമുഖ സംവിധായകൻ ഒരുക്കിയ ചിത്രം ഇത്ര വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടംനേടുന്നത്.

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ സൂപ്പർതാര ചിത്രങ്ങളെ വെല്ലുന്ന പ്രകടനമാണ് 'വാഴ 2' കാഴ്ചവെക്കുന്നത്. ഹിറ്റ് സംവിധായകൻ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം കോമഡി ഡ്രാമ ഫോർമുലയിലാണ് കഥ പറയുന്നത്. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

പൊട്ടിച്ചിരികളുമായി നീങ്ങുന്ന ആദ്യ പകുതിയും ജീവിത യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടുന്ന രണ്ടാം പകുതിയും ചിത്രത്തിന്റെ കരുത്താണ്. കേവലം വിനോദത്തിനപ്പുറം ഗൗരവകരമായ ചില സാമൂഹിക വിഷയങ്ങളെയും ചിത്രം വളരെ ആഴത്തിൽ തന്നെ ചർച്ച ചെയ്യുന്നുണ്ട്. അധ്യാപകരിൽ നിന്നും വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന മാനസിക പീഡനങ്ങളും അവരിലുണ്ടാക്കുന്ന തളർച്ചയും സിനിമ വരച്ചുകാട്ടുമ്പോൾ തന്നെ, ഇന്നത്തെ യുവതലമുറ മയക്കുമരുന്ന് പോലുള്ള വിപത്തുകളിലേക്ക് ആകൃഷ്ടരാകാനുള്ള സാഹചര്യങ്ങളെക്കുറിച്ചും ചിത്രം വിശദമായി പ്രതിപാദിക്കുന്നു.

ഇതിനൊപ്പം തന്നെ സഹോദര സ്നേഹത്തിന്റെ തീവ്രതയും വൈകാരികമായ തലങ്ങളും കോർത്തിണക്കി കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ആദ്യ ഭാഗമായ 'ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്' സൃഷ്ടിച്ച ഹൈപ്പിനോട് പൂർണ്ണമായും നീതി പുലർത്താൻ രണ്ടാം ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ ഭാഗത്തെ കഥാപാത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കോട്ടയം നസീറിനെയും അസീസ് നെടുമങ്ങാടിനെയും ഉപയോഗിച്ച് പ്രത്യേക ഷോട്ടുകളിലൂടെ അവതരിപ്പിച്ചത് വിപിൻ ദാസിന്റെ തിരക്കഥാ മികവായി വിലയിരുത്തപ്പെടുന്നു.

സൗഹൃദത്തിന്റെ നൊസ്റ്റാൾജിയയും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ ചിത്രം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും മികച്ചുനിൽക്കുന്നു. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സംവിധായകൻ സവിനും തിരക്കഥാകൃത്ത് വിപിൻ ദാസിനും കഴിഞ്ഞിട്ടുണ്ടെന്നാണ് തീയേറ്ററുകളിൽ നിന്നുള്ള പ്രതികരണം. മലയാള സിനിമയിൽ പുതുമുഖങ്ങളുടെ കരുത്ത് തെളിയിക്കുന്ന വലിയൊരു വിജയമായി 'വാഴ 2' മാറിക്കഴിഞ്ഞു.

Tags:    

Similar News