'ഈ മണ്ണാണ് നമ്മുടെ ആയുധം'; ടൊവിനോയുടെ മാസ് ആക്ഷൻ ചിത്രം; 'പള്ളിച്ചട്ടമ്പി' ഏപ്രിൽ 10ന് തിയറ്ററുകളിലേക്ക്; ആവേശം നിറച്ച് ട്രെയിലർ
റിയാദ്: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഏപ്രിൽ 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ട്രെയിലർ പ്രകാശനം.
സൗദിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ഡിജോ ജോസ് ആന്‍റണി, ടൊവിനോ തോമസ്, നായിക കയാദു ലോഹർ തുടങ്ങിയവർ പങ്കെടുത്തു. വൻ ജനപങ്കാളിത്തമാണ് ചടങ്ങിലുടനീളം ദൃശ്യമായത്. 1957-58 കാലഘട്ടത്തിൽ ഇടുക്കിയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയ്ക്ക് കുറച്ചു കാലമായി അന്യമായിരുന്ന 'ഗ്രൗണ്ടഡ് മാസ് ആക്ഷൻ' വിഭാഗത്തിലാണ് പള്ളിച്ചട്ടമ്പി ഒരുങ്ങുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വലിയ ക്യാൻവാസിൽ വൻ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രം എത്തുന്നത്. ദാദാ സാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് രചന നിർവഹിച്ച എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥാകൃത്ത്.
വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രദേഴ്സ് എന്‍റർടെയ്ൻമെന്‍റ് എന്നിവയുടെ ബാനറിൽ നൗഫൽ, ബ്രജോഷ് മുഹമ്മദ്, ചാണക്യ ചരൺ, ചൈതന്യ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ടിജോ ടോമി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ശ്രീജിത്ത് സാരംഗാണ്. ജേക്സ് ബിജോയിയുടേതാണ് സംഗീതം.