അപ്പോ...കഷ്ടപ്പെട്ട് പോയി പടം കണ്ടവരെ എന്ത് പറയണം; 'ധുരന്ധര്‍ 2' വെറും 'പ്രൊപ്പഗണ്ട' എന്ന സോഷ്യൽമീഡിയ വിമര്‍ശനത്തിന് പ്രതികരണവുമായി പ്രിയദര്‍ശന്‍
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ വമ്പൻ വിജയമായി മാറിയ 'ധുരന്ധര്‍ 2' ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ് പ്രമുഖ സംവിധായകൻ പ്രിയദർശൻ രംഗത്ത്. ബഹുഭൂരിപക്ഷം പ്രേക്ഷകരും ചിത്രം സ്വീകരിച്ചെങ്കിൽ അതിനർത്ഥം അതൊരു നല്ല സിനിമയാണെന്നും, ചിത്രത്തിൽ പ്രൊപ്പഗണ്ടയില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
"ധുരന്ധറിൽ പ്രൊപ്പഗണ്ട എന്നൊന്നില്ല. സത്യം ജനങ്ങൾക്ക് മുന്നിലേക്ക് കൊണ്ടുവരിക മാത്രമാണ് ചെയ്തത്. മുഴുവൻ ഇന്ത്യയും അത് സ്വീകരിച്ചു. കുറച്ച് പേരുടെ അഭിപ്രായങ്ങൾക്ക് പിന്നെ എന്ത് പ്രസക്തി? രാജ്യം ആ ചിത്രം കണ്ടു സ്വീകരിച്ചിരിക്കുന്നു. ഈ ചിത്രം കണ്ടവരൊക്കെ വിഡ്ഢികളാണെന്നാണോ നിങ്ങൾ കരുതുന്നത്?" പ്രിയദർശൻ ചോദിച്ചു. നെഗറ്റീവ് അഭിപ്രായങ്ങളെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും, അവയെ മറന്നേക്കാനുമാണ് അദ്ദേഹം ഉപദേശിച്ചത്.
സിദ്ധാർഥ് കണ്ണൻ എന്ന യുട്യൂബറിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 'ധുരന്ധർ 2' സംവിധാനം ചെയ്ത ആദിത്യ ധർ പ്രിയദർശന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
തന്റെ ശിഷ്യനായ ആദിത്യയുടെ വിജയം കാണുന്നതിലുള്ള സന്തോഷവും പ്രിയദർശൻ പങ്കുവെച്ചു. തന്റെ ചില തിരക്കഥകൾ അനുവാദമില്ലാതെ മറ്റുള്ളവർ എടുത്തതിനെക്കുറിച്ച് ആദിത്യ തന്നോട് മുൻപ് സംസാരിച്ചിരുന്ന കാര്യവും പ്രിയദർശൻ ഓർമ്മിപ്പിച്ചു. "നിങ്ങളുടെ മക്കളും ശിഷ്യരുമൊക്കെ ഉയർന്നു വരുന്നത് കാണുമ്പോഴുള്ള സന്തോഷം ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലുതാണ്. ആദിത്യയുടെ നേട്ടത്തിൽ ഞാൻ അതീവ സന്തുഷ്ടനാണ്," പ്രിയദർശൻ കൂട്ടിച്ചേർത്തു.