ക്യാംപസ് ആവേശമായി 'ഡർബി' നാളെ തിയേറ്ററുകളിലേക്ക്; സജിൽ മമ്പാടിന്റെ കളർഫുൾ എന്റർടെയ്നർ നാളെ മുതൽ; ടിക്കറ്റ് ബുക്കിങ് തുടങ്ങി

Update: 2026-03-26 15:52 GMT

കൊച്ചി: ക്യാംപസ് പശ്ചാത്തലമാക്കി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന 'ഡർബി' നാളെ തിയേറ്ററുകളിലെത്തും. പ്രണയവും സൗഹൃദവും ആക്ഷനും നിറയുന്ന ഒരു കംപ്ലീറ്റ് ക്യാംപസ് എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെൻസർ പൂർത്തിയായ ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. റിലീസിന് മുൻപേ പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

ആധുനിക ക്യാംപസിലെ സംഘർഷങ്ങളും സംഘട്ടനങ്ങളും പ്രണയവുമെല്ലാം കോർത്തിണക്കിയ ചിത്രം ഒരു 'തല്ലുമാല' സ്റ്റൈൽ എന്റർടെയ്നറായാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമിക്കുന്നത്. ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ.കെ തുടങ്ങി യുവതാരങ്ങൾക്കൊപ്പം ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

അഭിനന്ദൻ രാമനുജം ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സഹ്‌റു സുഹ്റയും അമീർ സുഹൈലും ചേർന്നാണ് തയാറാക്കിയത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് കേരളത്തിലെ വിതരണക്കാർ. ജി.സി.സി രാജ്യങ്ങളിൽ ഫാർസ് ഫിലിംസും മറ്റ് വിദേശ രാജ്യങ്ങളിൽ ആർ.എഫ്.ടി എന്റർടൈൻമെന്റ്‌സും ചിത്രം എത്തിക്കുന്നു. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് ആർ. ജെറിനാണ്. ഷർഫു സ്ക്രിപ്റ്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്താണ് കൈകാര്യം ചെയ്തിരിക്കുന്നത്. തവസി രാജ് സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നു. എം.ആർ രാജകൃഷ്ണൻ സൗണ്ട് മിക്സിംഗും പ്രതീഷ് ശേഖർ പി.ആർ.ഒയായും ചിത്രത്തിന്റെ അണിയറയിൽ സജീവമായുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ ക്യാംപസ് ആവേശം നിറയ്ക്കാനൊരുങ്ങുകയാണ് 'ഡർബി'.

Tags:    

Similar News