കയ്യടി നേടിയിട്ടും ബോക്സ് ഓഫീസിൽ വീണു; ഒടിടി റിലീസിനൊരുങ്ങി കൃഷാന്തിന്റെ 'മസ്തിഷ്ക മരണം'; എവിടെ കാണാം?
കൊച്ചി: മലയാള സിനിമയിൽ പരീക്ഷണങ്ങളുടെ പുത്തൻ തരംഗം സൃഷ്ടിച്ച സംവിധായകൻ കൃഷാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്' ഡിജിറ്റൽ സ്ക്രീനുകളിലേക്ക്. സയൻസ് ഫിക്ഷനും ഇൻവെസ്റ്റിഗേഷനും കോമഡിയും ഇഴചേർത്ത ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. കൃത്യമായ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
'മസ്തിഷ്ക മരണം- എ ഫ്രാങ്കെന്‍ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ പൂർണ്ണരൂപം. ആവാസവ്യൂഹവും പുരുഷപ്രേതവും ഒരുക്കി സിനിമാ പ്രേമികളെ അമ്പരപ്പിച്ച കൃഷാന്ത്, തന്റെ മുൻ ചിത്രങ്ങളുടെ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെയാണ് ഈ സിനിമയും അണിയിച്ചൊരുക്കിയിരിക്കുന്നത്. 'ഗഗനചാരി'ക്ക് ശേഷം അജിത് വിനായക ഫിലിംസും കൃഷാന്ത് ഫിലിംസും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം വിനായക അജിത് ആണ്.
2046-ലെ കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ പറയുന്ന ചിത്രം, അന്താരാഷ്ട്ര നിലവാരമുള്ള ദൃശ്യഭാഷയാണ് അവകാശപ്പെടുന്നത്. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം മേക്കിങ് ശൈലിയിലും കഥ പറച്ചിലിലും ഏറെ വ്യത്യസ്തത പുലർത്തുന്നു. വരുംകാലത്തെ കൊച്ചി എങ്ങനെയുണ്ടാകുമെന്ന കൃഷാന്തിന്റെ ഭാവന കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്നതാണ്.
രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ തുടങ്ങി മലയാളത്തിലെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിഷ്ണു അഗസ്ത്യ, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ എന്നിവർക്കൊപ്പം നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നു. തിയേറ്ററിലെ മികച്ച പ്രതികരണത്തിന് ശേഷം നെറ്റ്ഫ്ലിക്സിലും ചിത്രം വൻ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.