അന്ന് ആരും തിരിഞ്ഞുപോലും നോക്കിയില്ല; ഇന്ദ്രജിത്തിന്റെ കരിയറിലെ തന്നെ ടോപ്പ് പടം; ആ ലിജോ ജോസ് ചിത്രം ഒരു വട്ടം കൂടി തിയറ്ററുകളിലേക്ക്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ആദ്യ ചിത്രമായ 'നായകൻ' 16 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 2010-ൽ പുറത്തിറങ്ങിയ ഈ ചിത്രം 4കെ ഡോൾബി അറ്റ്‌മോസ് ദൃശ്യ-ശ്രാവ്യ മികവോടെ ഏപ്രിൽ മാസത്തിൽ റീ-റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രമായ 'വരദനുണ്ണി' എന്ന കഥകളി കലാകാരനെ അവതരിപ്പിച്ച ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, സിദ്ധിഖ്, വിജയരാഘവൻ, ധന്യ മേരി വർഗീസ് തുടങ്ങിയ വൻ താരനിര അണിനിരന്നിരുന്നു.
'ദേവദൂതൻ', 'ഛോട്ടാ മുംബൈ', 'സമ്മർ ഇൻ ബത്‌ലഹേം' തുടങ്ങിയ ചിത്രങ്ങൾ റീ-മാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് നായകനെയും പുത്തൻ സാങ്കേതിക വിദ്യയിൽ ഒരുക്കുന്നത്.
റിലീസ് സമയത്ത് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും പിൽക്കാലത്ത് വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ വേറിട്ട ശൈലി മലയാള സിനിമ തിരിച്ചറിഞ്ഞത് ഈ ചിത്രത്തിലൂടെയായിരുന്നു.
പി.എസ്. റഫീഖ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയും സംഗീതം പ്രശാന്ത് പിള്ളയുമാണ് നിർവ്വഹിച്ചത്. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ നിർമ്മിച്ച ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് തിയറ്ററുകളിൽ എത്തിക്കുന്നത്.
തിയറ്ററിൽ ഈ ചിത്രം കാണാൻ സാധിക്കാത്തവർക്കും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകർക്കും ഈ റീ-റിലീസ് ഒരു മികച്ച അവസരമായിരിക്കും.