'തുംബാഡ് 2' വരുന്നു: നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പം നിമിഷ സജയനും; ആരാധകർ ആവേശത്തിൽ
മുംബൈ: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഹൊറർ-ഡ്രാമകളിലൊന്നായി വാഴ്ത്തപ്പെടുന്ന ‘തുംബാഡി’ന്റെ രണ്ടാം ഭാഗത്തിൽ മലയാളി താരം നിമിഷ സജയനും. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിമിഷയും ഭാഗമാകുന്നുവെന്ന വാർത്തകൾ ഏറെ ആവേശത്തോടെയാണ് സിനിമാ ലോകം ഏറ്റെടുത്തിരിക്കുന്നത്.
'പോച്ചർ', 'ഡബ്ബ കാർട്ടൽ' തുടങ്ങിയ ഹിന്ദി വെബ് സീരീസുകളിലൂടെ ദേശീയ ശ്രദ്ധ നേടിയ നിമിഷ, സോഹം ഷായുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോഹം ഷാ നിർമിച്ച 'ക്രേസി' എന്ന ചിത്രത്തിന് വേണ്ടി നിമിഷ നേരത്തെ ശബ്ദം നൽകിയിരുന്നു. നവാസുദ്ദീൻ സിദ്ദിഖിയും നിമിഷയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
തുംബാഡിന്റെ രണ്ടാം ഭാഗത്തിന്റെ കാഴ്ചപ്പാട് ഏറെ ആകർഷിച്ചുവെന്ന് നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു. "തുംബാഡിന്റെ സവിശേഷമായ കഥാപരിസരത്തെ ഞാൻ എപ്പോഴും ആരാധിച്ചിരുന്നു. സോഹം ഷാ രണ്ടാം ഭാഗത്തിന്റെ ആശയം പങ്കുവെച്ചപ്പോൾ തന്നെ എനിക്കത് ഇഷ്ടപ്പെട്ടു. വളരെ സങ്കീർണ്ണമായ ഒരു കഥാപാത്രത്തെയാണ് ഞാൻ ഇതിൽ അവതരിപ്പിക്കുന്നത്," സിദ്ദിഖി വ്യക്തമാക്കി.
ആദ്യ ഭാഗത്തിലെ നായകൻ സോഹം ഷാ തന്നെയാണ് രണ്ടാം ഭാഗത്തിന്റെ നിർമ്മാണം. മനുഷ്യന്റെ അതിമോഹം എന്ന പ്രമേയത്തെ കൂടുതൽ ആഴത്തിൽ സ്പർശിക്കുന്ന ഒന്നായിരിക്കും 'തുംബാഡ് 2' എന്ന് അദ്ദേഹം പറഞ്ഞു. 2018-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ വലിയ തരംഗമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും, ഒടിടിയിലും അടുത്തിടെ നടന്ന റീ-റിലീസിലും ചിത്രം വലിയ വിജയമാണ് കൈവരിച്ചത്. ഇതാണ് രണ്ടാം ഭാഗത്തിന് വേഗത കൂട്ടാൻ അണിയറ പ്രവർത്തകർക്ക് പ്രേരണയായത്.
ആദ്യ ഭാഗം സംവിധാനം ചെയ്ത രാഹി അനിൽ ബർവെയാകില്ല രണ്ടാം ഭാഗം ഒരുക്കുക. ആദ്യ ഭാഗത്തിന്റെ കോ-ഡയറക്ടറായിരുന്ന ആദേഷ് പ്രസാദാണ് സംവിധായകന്റെ തൊപ്പിയണിയുന്നത്. പെൻ സ്റ്റുഡിയോസും സോഹം ഷാ ഫിലിംസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. മഹാരാഷ്ട്രയിലെ തുംബാട് ഗ്രാമത്തിലെ നിഗൂഢതകളും 'ഹസ്തർ' എന്ന ദുർമൂർത്തിയുടെ കഥയും ഇത്തവണ എങ്ങനെയൊക്കെയാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ.