'ചിരിച്ചു മടുത്തു, ഇതൊരു ഒന്നൊന്നര ഡാർക്ക് കോമഡി'; സൈജു കുറുപ്പിന്റെ 150-ാം ചിത്രം ‘മോഹിനിയാട്ട’ത്തെ പുകഴ്ത്തി തരുൺ മൂർത്തി
കൊച്ചി: കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'ഭരതനാട്യം 2: മോഹിനിയാട്ടം' എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ തരുൺ മൂർത്തി. സിനിമ കണ്ടിട്ട് ചിരി നിർത്താനായില്ലെന്നും രണ്ട് മണിക്കൂർ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന രസകരമായ ഒരു യാത്രയാണ് ചിത്രമെന്നും തരുൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണ ഗതിയിൽ സിനിമകൾ റിലീസ് ചെയ്യുന്നതിന് മുൻപ് താൻ അഭിപ്രായങ്ങൾ എഴുതാറില്ലെന്ന് തരുൺ പറയുന്നു. എന്നാൽ ഈ ചിത്രം തന്നെ അത്രമേൽ ആകർഷിച്ചു. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രേക്ഷകർ പൊട്ടിച്ചിരിക്കാൻ പോകുന്ന നിമിഷങ്ങൾ ചിത്രത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെയ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
“സാധാരണയായി റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാൻ സിനിമകളെക്കുറിച്ച് എഴുതാറില്ല, പക്ഷേ ഇതെന്നെ ശരിക്കും ആകർഷിച്ചു. പലപ്പോഴും ഞാൻ ചിരി നിർത്താൻ കഴിയാതെ ചിരിച്ചുകൊണ്ടിരുന്നു. ഒരു യഥാർത്ഥ ഡാർക്ക് കോമഡി! ഭരതനും കുടുംബവും നിങ്ങളെ 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന രസകരമായ യാത്രയിലേക്ക് കൊണ്ടുപോകുന്നു. തീർച്ചയായും കാണേണ്ട ചിത്രമാണിത്. ഈ സിനിമക്ക് നിറഞ്ഞ സദസ്സ് പ്രതീക്ഷിക്കാം, ഇത് തിയേറ്ററിലെ മുഴുവൻ ആളുകളെയും പ്രധാന നിമിഷങ്ങളിൽ പൊട്ടിച്ചിരിപ്പിക്കുന്ന തരം സിനിമയാണ്.
ശ്രദ്ധിക്കുക: ഇതൊരു ഫീൽ-ഗുഡ് ഫാമിലി സിനിമയല്ല. പൂർണമായും യുക്തിയില്ലാത്ത ഡാർക്ക് കോമഡിയാണ്. ശരിയായ മാനസികാവസ്ഥയോടെ തിയേറ്ററിൽ ചെല്ലുക, ശേഷം ഹൃദയം നിറഞ്ഞ ചിരി ചിരിക്കുക”, തരുൺ മൂർത്തി കുറിച്ചു.
നടൻ സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രം എന്ന സവിശേഷതയും ‘മോഹിനിയാട്ട’ത്തിനുണ്ട്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തും.
