സുഹാസിനി വീണ്ടും മലയാളത്തിലേക്ക്; ഒപ്പം കനി കുസൃതിയും ബോളിവുഡ് താരം നിമിഷ എലിസബത്തും; 'അഞ്ചാം പ്രമാണ'ത്തിന് പൊയ്യയിൽ തുടക്കം

Update: 2026-04-06 14:08 GMT

കൊടുങ്ങല്ലൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം സുഹാസിനി മണിരത്നം കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം ‘അഞ്ചാം പ്രമാണ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഏപ്രിൽ ആറ് തിങ്കളാഴ്ച കൊടുങ്ങല്ലൂരിനടുത്തുള്ള പൊയ്യയിൽ വെച്ചായിരുന്നു സിനിമയുടെ തുടക്കം. സുഹാസിനി മണിരത്നം ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ഫാദർ സജി ജോർജ് വട്ടക്കുഴി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പും സുഹാസിനി തന്നെയായിരുന്നു നൽകിയത്.

എൺപതുകളിലെ പ്രതാപശാലിയായ ഒരു സുറിയാനി ക്രിസ്ത്യൻ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സൈക്കോളജിക്കൽ ത്രില്ലറാണ് 'അഞ്ചാം പ്രമാണം'. റൂബി എൻഡവർ നിർമ്മിച്ച് ജയ് ദേവ് സംവിധാനം ചെയ്യുന്ന ചിത്രം, കുടുംബബന്ധങ്ങളിലെ മൂല്യങ്ങൾക്കും വിശ്വാസ്യതയ്ക്കും ഇടയിൽ സ്ത്രീകൾ അപ്രസക്തരാക്കപ്പെടുന്ന സാഹചര്യങ്ങളെയാണ് ചർച്ച ചെയ്യുന്നത്. തികച്ചും റിയലിസ്റ്റിക്കായ അവതരണ ശൈലിയാണ് ചിത്രത്തിന്റേത്.

തറവാട്ടിലെ കേന്ദ്രകഥാപാത്രമായ 'ഗ്രേസി'യെ സുഹാസിനി അവതരിപ്പിക്കുമ്പോൾ, മറ്റൊരു സുപ്രധാന വേഷമായ 'ആനി'യെ കനി കുസൃതി വെള്ളിത്തിരയിലെത്തിക്കുന്നു. രൺജി പണിക്കർ, ഷെബിൻ ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ബോളിവുഡ് നടി നിമിഷ എലിസബത്ത് ഡീനിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമാണ്. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടിയ നിമിഷ, സുശാന്ത് സിംഗ് രാജ്പുത് ചിത്രം 'ദിൽ ബേചാര'യിലൂടെയാണ് ശ്രദ്ധേയയായത്.

സ്ത്രീ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ അണിയറയിലും കരുത്തരായ വനിതാ സാന്നിധ്യമുണ്ട്. കോമൺവെൽത്ത് പുരസ്കാര ജേതാവായ പ്രശസ്ത മാധ്യമപ്രവർത്തകയും നോവലിസ്റ്റുമായ ഷൈനി ആന്റണിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 2024-ലെ ദേശീയ പുരസ്കാര ജേതാവ് മിരിയം ചാണ്ടി കോ-ഡയറക്ടറായും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ ബീനാ പോൾ എഡിറ്ററായും അണിനിരക്കുന്നു. കൊടുങ്ങല്ലൂരിലും തൊടുപുഴയിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

Tags:    

Similar News