1400 കോടിയുമായി കുതിക്കുന്ന 'ധുരന്ധർ 2'; കളക്ഷൻ റെക്കോർഡുകൾ തകർന്നു വീഴുമ്പോൾ വില്ലനായി പൈറസി; വ്യാജ പതിപ്പ് യൂട്യൂബിൽ

Update: 2026-03-31 15:05 GMT

മുംബൈ: ബോളിവുഡ് താരം രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' ബോക്സ് ഓഫീസിൽ സർവകാല റെക്കോർഡുകൾ തകർത്തു മുന്നേറുന്നതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. ചിത്രം റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 1400 കോടി രൂപയുടെ കലക്ഷൻ ലക്ഷ്യമിട്ട് കുതിക്കുന്നതിനിടെയാണ് സിനിമാലോകത്തെ ഞെട്ടിച്ച് വ്യാജപതിപ്പ് എത്തിയത്. ആരാധകർ കൂട്ടത്തോടെ പരാതിപ്പെട്ടതിനെ തുടർന്ന് യൂട്യൂബ് ചിത്രം നീക്കം ചെയ്തു.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സംവിധായകൻ ആദിത്യ ധറിനെയും ഭാര്യയും നടിയുമായ യാമി ഗൗതമിനെയും ടാഗ് ചെയ്തുകൊണ്ട് എക്സിൽ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്ത ചാനലിന്റെ പേരുൾപ്പെടെയുള്ള സ്ക്രീൻഷോട്ടുകൾ സഹിതമാണ് ആരാധകർ അണിയറപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സൈബർ ലോകത്തെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ യൂട്യൂബ് കർശന നടപടി സ്വീകരിക്കുകയായിരുന്നു.

റെക്കോർഡുകൾ ഒന്നൊന്നായി വഴിമാറുന്ന കാഴ്ചയാണ് തിയേറ്ററുകളിൽ. വെറും 12 ദിവസത്തിനുള്ളിൽ ഷാരൂഖ് ഖാന്റെ 'ജവാൻ', യഷിന്റെ 'കെജിഎഫ് 2', എസ്.എസ്. രാജമൗലിയുടെ 'ആർആർആർ' എന്നീ വമ്പൻ ചിത്രങ്ങളുടെ ആഗോള കലക്ഷനെ 'ധുരന്ധർ 2' മറികടന്നു. ഇനി ചിത്രത്തിന് മുന്നിലുള്ളത് 'പുഷ്പ 2: ദി റൂൾ', 'ബാഹുബലി 2', 'ദംഗൽ' എന്നീ ചിത്രങ്ങൾ മാത്രമാണ്. ചിത്രത്തിന്റെ ആദ്യഭാഗം നേടിയ 1354 കോടി രൂപ എന്ന റെക്കോർഡ് ഇതിനോടകം തന്നെ രണ്ടാം ഭാഗം തിരുത്തിക്കുറിച്ചു കഴിഞ്ഞു.

Tags:    

Similar News