ഇപ്പോഴും 'ഫുക്രു' കൂടെ ഇല്ലേ എന്ന് ചോദിച്ച് കമന്റിടും; അത് കേൾക്കുമ്പോൾ നല്ല വിഷമം തോന്നും; ഞാൻ അങ്ങനെ ഒരിക്കലും ചിന്തിച്ചിട്ടില്ല; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ സൗഹൃദത്തിന്റെ പേരിൽ താൻ നേരിട്ട സൈബർ ആക്രമണങ്ങളെയും അധിക്ഷേപങ്ങളെയും കുറിച്ച് വീണ്ടും പ്രതികരിച്ച് നടി മഞ്ജു പത്രോസ്. പലതവണ വിശദീകരണം നൽകിയിട്ടും ഇപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഫുക്രുവുമായി ബന്ധപ്പെട്ട മോശം കമന്റുകൾ തുടരുന്നുണ്ടെന്ന് മഞ്ജു പത്രോസ് വെളിപ്പെടുത്തി. എന്നാൽ, കാലക്രമേണ പലർക്കും സത്യം മനസ്സിലായെന്നും തന്നോടുള്ള പഴയ ദേഷ്യം പലർക്കും ഇന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജു പത്രോസ്, 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെയും പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 2-ലൂടെയുമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ബിഗ് ബോസ് വീട്ടിൽ സഹമത്സരാർത്ഥിയായിരുന്ന സോഷ്യൽ മീഡിയ താരം ഫുക്രുവുമായുള്ള സൗഹൃദത്തെച്ചൊല്ലി വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് അന്ന് അവർക്ക് നേരിടേണ്ടി വന്നത്.
വിഷയത്തിൽ ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ ശേഷം താൻ നിരവധി തവണ വിശദീകരണം നൽകിയിട്ടുണ്ടെന്നും, എന്നാൽ ഇപ്പോഴും പലർക്കും കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും മഞ്ജു പത്രോസ് പറയുന്നു. "തിരുത്താനും, ഇതല്ല സത്യമെന്ന് പറയാനും ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആയിരം പേരോട് പറഞ്ഞാൽ പത്ത് പേർക്കെങ്കിലും മനസ്സിലായിട്ടുണ്ടാകും. എല്ലാവരെയും മനസ്സിലാക്കിപ്പിക്കാൻ പറ്റില്ല," അവർ വ്യക്തമാക്കി.
"ഇപ്പോഴും 'ഫുക്രു ഇല്ലേ' എന്ന് ചോദിച്ച് കമന്റിടുന്നവരുണ്ട്. അതിനെ കണ്ടില്ലെന്ന് വെക്കുന്നതാണ് നല്ലത്. ഞാൻ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടുപോയ ആളാണ്. എനിക്കുമൊരു മകനുള്ളതല്ലേ," മഞ്ജു പത്രോസ് വികാരാധീനയായി പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് പോലും തനിക്ക് പ്രയാസമാണെന്നും അവർ കൂട്ടിച്ചേർത്തു.
എങ്കിലും, തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നതെന്നും പലർക്കും സത്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവർ വിശ്വസിക്കുന്നു. "പിന്നീട് നമ്മളെ കാണുമ്പോൾ അവർ അങ്ങനെയൊരു സ്ത്രീയല്ലെന്ന് പെരുമാറ്റവും രീതികളുമെല്ലാം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകാം. എന്തായാലും അന്നുണ്ടായിരുന്ന ദേഷ്യം പലർക്കും ഇന്ന് എന്നോടില്ലെന്ന് അറിയാം," മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു. ഐസ് ബ്രേക്ക് എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പത്രോസ് ഈ പ്രതികരണം നടത്തിയത്. അതേസമയം, കാലക്രമേണ തനിക്കെതിരെയുള്ള തെറ്റിദ്ധാരണകൾ മാറുന്നുണ്ടെന്നും ദേഷ്യം പലർക്കും ഇന്ന് തന്നോടില്ലെന്നും മഞ്ജു പത്രോസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
