മലയാളത്തിൽ നിന്ന് ഒരു സർപ്രൈസ് എൻട്രി; മോസ്കോ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് 'പ്രൈവറ്റ്'; സംസ്ഥാന അവാർഡിലും കണ്ണുവെച്ച് ദീപക് ഡിയോൺ ചിത്രം; അഭിമാനമെന്ന് മീനാക്ഷി
കൊച്ചി: മലയാള ചിത്രം ‘പ്രൈവറ്റ്’ മോസ്കോ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ചത്. സന്തോഷം പങ്കുവെച്ച് മീനാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മോസ്കോ രാജ്യാന്തര ചലച്ചിത്ര മേള (MIFF) പോലൊരു മഹാമേളയിലേയ്ക്ക് ഒരു മലയാള സിനിമ തിരഞ്ഞെടുക്കപ്പെടുക എന്നത് ചെറിയ കാര്യമല്ലെന്ന് മീനാക്ഷി കുറിച്ചു. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്നും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിവിധ വിഭാഗങ്ങളിലായി ചിത്രം മത്സരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. സിനിമ ഇനിയും കാണാത്തവർ മനോരമ മാക്സിലൂടെ ചിത്രം കാണണമെന്നും മീനാക്ഷി അഭ്യർത്ഥിച്ചു. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ദീപക് ഡിയോണിന് താരം നന്ദി രേഖപ്പെടുത്തി.
'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിലെത്തിയ ചിത്രം സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി.കെ. ഷബീറാണ് നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ അശ്വിൻ സത്യ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
ജയകൃഷ്ണൻ (എഡിറ്റർ), തജു സജീദ് (ലൈൻ പ്രൊഡ്യൂസർ), സരിത സുഗീത് (വസ്ത്രാലങ്കാരം), ജയൻ പൂങ്കുളം (മേക്കപ്പ്), മുരളി ബേപ്പൂർ (ആർട്ട്), സുരേഷ് ഭാസ്കർ (പ്രൊഡക്ഷൻ ഡിസൈൻ), അജയൻ അടാട്ട് (സൗണ്ട് ഡിസൈൻ), പ്രമോദ് തോമസ് (സൗണ്ട് മിക്സിംഗ്), നിജിൽ ദിവാകരൻ (പ്രൊഡക്ഷൻ കൺട്രോളർ), അജി കൊളോണിയ (സ്റ്റിൽസ്), എ.എസ്. ദിനേശ് (പിആർഒ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.