'മദ്രാസി' കനത്ത പരാജയം: എ.ആർ. മുരുകദോസിനെതിരെ നിർമാതാവ്; നഷ്ടപരിഹാരമായി സൗജന്യ തിരക്കഥ നൽകാൻ ഒത്തുതീർപ്പ്; തമിഴ് സിനിമാ ലോകത്ത് വൻ വിവാദം
ചെന്നൈ: ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം '' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന് പിന്നാലെ സിനിമാലോകത്ത് പുതിയ വിവാദം. ചിത്രത്തിനുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിന് ഉത്തരവാദി സംവിധായകനാണെന്ന് ആരോപിച്ച് നിർമാതാവ് എൻ.വി. പ്രസാദ് രംഗത്തെത്തി. നേരത്തെ നിശ്ചയിച്ച ബജറ്റിനേക്കാൾ കോടികൾ അധികം ചെലവായതാണ് നിർമാതാവിനെ ചൊടിപ്പിച്ചത്.
115 കോടി രൂപ ബജറ്റിൽ വിഭാവനം ചെയ്ത ചിത്രം പൂർത്തിയായപ്പോൾ നിർമാണച്ചെലവ് 170 കോടിയിലേക്ക് കുതിച്ചുയർന്നു. മുരുകദോസിന്റെ ഭാഗത്തുനിന്നുണ്ടായ കൃത്യമായ പ്ലാനിങ് ഇല്ലായ്മയും അലസതയുമാണ് ബജറ്റ് വർധിക്കാൻ കാരണമെന്ന് നിർമാതാവ് ആരോപിക്കുന്നു. മദ്രാസിയുടെ ചിത്രീകരണത്തിനൊപ്പം തന്നെ മുരുകദോസ് 'സിക്കന്ദർ' എന്ന മറ്റൊരു സിനിമയുടെ ജോലിയിൽ ഏർപ്പെട്ടത് നിർമാണത്തെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്കുണ്ടായ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് തമിഴ് സിനിമാ നിർമാതാക്കളുടെയും സംവിധായകരുടെയും കൗൺസിലിനെ സമീപിച്ചു. 10 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഇരുവിഭാഗവുമായി കൗൺസിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്.
കൗൺസിൽ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് ഉടമ്പടി പ്രകാരം, മുരുകദോസ് തന്റെ അടുത്ത തെലുങ്ക് ചിത്രമായ 'രമണ 2'-ന്റെ തിരക്കഥ എൻ.വി. പ്രസാദിന് പ്രതിഫലം വാങ്ങാതെ എഴുതി നൽകണം. തമിഴ് സിനിമാ വൃത്തങ്ങളിൽ ഈ തീരുമാനം വലിയ ചർച്ചയായിട്ടുണ്ട്. മലയാളി താരം ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ 'മദ്രാസി'യിൽ വിദ്യുത് ജാംവാൽ, രുക്മിണി വസന്ത് എന്നിവരും അണിനിരന്നിരുന്നു. വൻ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്ന് വെറും 98 കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്.